പഞ്ചനക്ഷത്ര ഹോട്ടലിലെ ബാത്ത് ടബ്ബില്‍ പ്രവാസി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി

death

ഫരിദാബാദ്: ഹരിയാനയില്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ ബാത്ത് ടബില്‍ പ്രവാസി വനിത മരിച്ച നിലയില്‍. ലണ്ടനില്‍ താമസമാക്കിയ ഇന്ത്യന്‍ സ്വദേശി റിതു കുമാറിനെയാണ്(40) സ്വന്തം മുറിയിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

ഏപ്രില്‍ 22 മുതല്‍ ഹോട്ടലില്‍ താമസിച്ചു വരികയായിരുന്നു റിതു. വ്യാഴാഴ്ച രാവിലെ മുതല്‍ കുടുംബാംഗങ്ങള്‍ ഫോണില്‍ വിളിച്ചിരുന്നെങ്കിലും കിട്ടിയില്ല. ഇതോടെ ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു.

പൊലീസെത്തി മുറി തുറന്നു പരിശോധിച്ചപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. മുറിയിലേക്ക് ആരെയും കടത്തിവിടരുതെന്നും ഫോണ്‍ കോളുകളൊന്നും അനുവദിക്കരുതെന്നും റിതു ആവശ്യപ്പെട്ടിരുന്നതായി ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. ഹോട്ടല്‍ സര്‍വീസിനു പോലും ആരെയും മുറിയിലേക്ക് അയച്ചിരുന്നില്ല.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ലണ്ടനില്‍ നിന്നു റിതുവിന്റെ ഭര്‍ത്താവും ഫരിദാബാദിലെത്തിയിട്ടുണ്ട്. ഇരുവരും നാളുകളായി അകന്നു താമസിക്കുകയായിരുന്നുവെന്നാണു വിവരം. ഡല്‍ഹിയിലാണു റിതുവിന്റെ കുടുംബം.

Top