പ്രവാസികളുടെ മടങ്ങിവരവ്: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫക്കറ്റ് വേണ്ട, പിപിഇ കിറ്റ് മതി

തിരുവനന്തപുരം പ്രവാസികളുടെ മടങ്ങിവരവിന് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍.നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.

കോവിഡ് 19 പരിശോധനയില്ലാത്ത വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ പിപിഇ കിറ്റുകള്‍ മതിയെന്നാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.വിമാനകമ്പനികളോട് പിപിഇ കിറ്റ് ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും.

സൗദി അറേബ്യ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ കോവിഡ് 19 പരിശോധന നടത്താന്‍ വളരെയേറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാല്‍ കോവിഡ് 19 പരിശോധനാ സൗകര്യമുള്ള രാജ്യങ്ങളില്‍ നിന്ന് കോവിഡ് 19 പരിശോധനാ സര്‍ട്ടിഫിക്കറ്റ് തുടര്‍ന്നും നിര്‍ബന്ധമാക്കും.

നേരത്തെ, വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ് കോവിഡ് പരിശോധന നടത്തി പ്രവാസികളെ എത്തിക്കാമെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു. പിപിഇ കിറ്റ് ധരിച്ച് യാത്രക്കാര്‍ എത്തിയാല്‍ രോഗവ്യാപനം കുറയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ചിലവും കുറവാണ്.

അതേസമയം വിമാന കമ്പനികളുടെ പ്രതികരണം നിര്‍ണായകമാണ്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു.

Top