പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആദായ നികുതി റിട്ടേണ്‍ ഫോമില്‍ ഉള്‍പ്പെടുത്തണം

മുംബൈ: പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആദായ നികുതി റിട്ടേണ്‍ ഫോമില്‍ ഉള്‍പ്പെടുത്തണമെന്ന് ആദായ നികുതി വകുപ്പ്.

രാജ്യത്ത് സ്ഥിരതാമസം ആക്കിയവര്‍ മാത്രം വിദേശത്തെ ബാങ്ക് അക്കൗണ്ടുകള്‍ വെളിപ്പെടുത്തിയാല്‍ മതിയാകുമെന്ന നിലവിലെ വ്യവസ്ഥയില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയ്ക്ക് പുറത്തു താമസിക്കുന്നവരും വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ റിട്ടേണ്‍ ഫോമില്‍ ഉള്‍പ്പെടുത്തേണ്ടതായി വരും.

അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, രാജ്യം, ബാങ്ക് ശാഖയുടെ ലൊക്കേഷന്‍ വ്യക്തമാക്കുന്ന സ്വിഫ്റ്റ് കോഡ്, ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവയാണ് ഫോമില്‍ രേഖപ്പെടുത്തേണ്ടത്. ഓണ്‍ലൈനായി ഇത് സമര്‍പ്പിക്കാവുന്നതാണ്.

അതിനായി റിട്ടേണ്‍ ഫോമില്‍ (ഐടിആര്‍2) പുതിയതായി പൂരിപ്പിക്കുന്നതിന് കോളം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതുപ്രകാരം ഓഹരി നിക്ഷേപം, വസ്തു, ബാങ്ക് ഡെപ്പോസിറ്റ് പോലെയുള്ള സ്ഥിരനിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം റിട്ടേണില്‍ കാണിക്കേണ്ടി വരുമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.

സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നും ദുബായ്, സിംഗപ്പൂര്‍, ഹോങ്കോങ് എന്നിവിടങ്ങളിലെ ബാങ്കുകളിലേയ്ക്ക് നിരവധി പേര്‍ അടുത്തിടെയായി അക്കൗണ്ടുകള്‍ മാറ്റിയിരുന്നു.

Top