തിരുവനന്തപുരം: മുംബൈ ഭീകരാക്രമണത്തില്‍ സാരമായി പരിക്കേറ്റ എന്‍എസ്ജി കമാന്‍ഡോ കണ്ണൂര്‍ അഴീക്കോട് സ്വദേശി പി വി മനേഷിന് വീട് നിര്‍മ്മിക്കാന്‍ സൗജന്യമായി ഭൂമി പതിച്ച് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. പുഴാതി വില്ലേജ് റീ സര്‍വേ നമ്പര്‍ 42/15 ല്‍ ഉള്‍പ്പെട്ട പഴശ്ശി ജലസേചന പദ്ധതിയുടെ അധീനതയിലുളള 5 സെന്റ് ഭൂമിയാണ് നല്‍കുക. സംസ്ഥാന സര്‍ക്കാരിന്റെ സവിശേഷാധികാരം ഉപയോഗിച്ച് പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് സൗജന്യമായി പതിച്ച് നല്‍കുന്നതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാര്‍ അറിയിച്ചു.
2008 നവംബര്‍ 26ന് നടന്ന മുബൈ ഭീകരാക്രമണത്തില്‍ ഗ്രനേഡ് ആക്രമണത്തില്‍ തലക്കാണ് എന്‍എസ് ജി കമാന്‍ഡോ മനേഷിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. രണ്ടര വര്‍ഷത്തോളം ദില്ലി സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാസങ്ങളോളം അബോധാവസ്ഥയിലായശേഷമാണ് മനേഷ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. അപകടത്തെതുടര്‍ന്ന് മനേഷിന്റെ ശരീരത്തിന്റെ വലതുഭാഗം തളര്‍ന്നുപോവുകയായിരുന്നു. രാജ്യം മനേഷിന് ശൗര്യചക്ര പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.