ന്യൂഡല്‍ഹി: ആണവ വിതരണ സംഘത്തിലേക്കുളള ഇന്ത്യന്‍ അംഗത്വത്തെ പിന്തുണച്ച് ന്യൂസിലാന്‍ഡ് രംഗത്ത്. വ്യക്തമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം എന്‍.എസ്.ജിയില്‍ അംഗത്വം നല്‍കേണ്ടതെന്നും ഒരു രാജ്യത്തിന് മാത്രം അംഗത്വത്തിനുളള അനുമതി നിഷേധിക്കരുതെന്നും ന്യൂസിലാന്‍ഡ് അഭിപ്രായപ്പെട്ടു.
ഇന്ത്യയ്ക്ക് പിന്തുണ തേടി അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി ജോണ്‍ കെറി എന്‍.എസ്.ജിയിലെ നിലവിലെ അംഗങ്ങള്‍ക്ക് കത്ത് അയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യയോടുളള തങ്ങളുടെ സമീപനത്തോട് മാറ്റം വരുത്താന്‍ ന്യൂസിലാന്‍ഡ് തീരുമാനിച്ചത്.
എന്നാല്‍ എന്‍.എസ്.ജിയില്‍ അംഗത്വം നല്‍കുന്നതിന് ഇന്ത്യയേയും പാകിസ്താനേയും ഒരു പോലെ പരിഗണിക്കണമെന്ന നിര്‍ദേശത്തില്‍ ഉറച്ചു നില്‍ക്കുകയാണ് തുര്‍ക്കി. പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് തുര്‍ക്കിയുടെ പാകിസ്ഥാനെ പിന്തുണച്ചുളള നിലപാടിന് നന്ദി അറിയിച്ചു. തുര്‍ക്കിയിലേയും ആസ്ട്രിയയിലേയും വിദേശകാര്യമന്ത്രിമാരുമായും സര്‍താജ് അസീസ് ചര്‍ച്ച നടത്തി.
പ്ലീനറി യോഗത്തിന് മുന്നോടിയായി വിയന്നയില്‍ ചേര്‍ന്ന യോഗത്തില്‍ തുര്‍ക്കി, ന്യൂസിലാന്‍ഡ്, ആസ്ട്രിയ, ഐയര്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളായിരുന്നു ഇന്ത്യയ്ക്ക് എന്‍.എസ്.ജിയില്‍ അംഗത്വം ലഭിക്കുന്നതിനെ എതിര്‍ത്തിരുന്നത്.
എന്നാല്‍ ചൈന ഇന്ത്യന്‍ അംഗത്വത്തെ എതിര്‍ത്ത് കൊണ്ടുളള തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.ഇന്ത്യക്ക് അംഗത്വം നല്‍കുന്ന പക്ഷം പാകിസ്ഥാനും അംഗത്വം നല്‍കണമെന്നാണ് ചൈനയുടെ നിലപാട്. ഇതുവരെ ആകെ നാല്‍പത്തിയെട്ട് രാജ്യങ്ങളാണ് എന്‍.എസ്.ജിയില്‍ അംഗങ്ങളായിട്ടുളളത്.
അംഗത്വം വേണമെന്ന ഇന്ത്യയുടെ അപേക്ഷയില്‍ തീരുമാനമാക്കാതെയാണ് വിയന്നയില്‍ നടന്ന ആണവ വിതരണ ഗ്രൂപ്പ് അംഗരാജ്യങ്ങളുടെ യോഗം പിരിഞ്ഞത്. ജൂണ്‍ 20ന് സിയോളില്‍ നടക്കുന്ന പ്ലീനറി യോഗത്തില്‍ ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തെ കുറിച്ചുളള അന്തിമ തീരുമാനം അറിയാന്‍ സാധിക്കും.