അപമാനിച്ചതിന് മാപ്പു പറയണം ; ടിക്കാറാം മീണയ്ക്ക് എന്‍.എസ്.എസ് വക്കീല്‍നോട്ടീസ് അയച്ചു

ചങ്ങനാശേരി: വര്‍ഗീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന ധാരണ പരത്തുംവിധം നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് എന്‍.എസ്.എസ് വക്കീല്‍നോട്ടീസ് അയച്ചു. പരാമര്‍ശം പിന്‍വലിച്ച് നിരുപാധികം മാപ്പുപറയണമെന്ന് എന്‍.എസ്.എസിനു വേണ്ടി അഡ്വ.ആര്‍.ടി.പ്രദീപ് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടു.

ജാതീയതയുടെ പേരില്‍ എന്‍.എസ്.എസ് വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നതായുള്ള പ്രസ്താവനയാണ് ടിക്കാറാം മീണയുടെ ഭാഗത്തു നിന്നുണ്ടായിരുന്നത്. സമദൂരത്തില്‍ നിന്നും ശരിദൂരം സ്വീകരിച്ചത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്ത് സമീപനം സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എന്‍.എസ്.എസിനുണ്ട്. ജാതിരഹിത സമൂഹത്തിനായുള്ള ശ്രമമാണ് എല്ലാക്കാലത്തും എന്‍.എസ്.എസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. കേരളം സാമൂഹിക രംഗത്തു കൈവരിച്ചിട്ടുള്ള എല്ലാ പുരോഗതിയിലും എന്‍.എസ്.എസിനുള്ള പങ്ക് മനസ്സിലാക്കാതെയാണ് തികച്ചും നിരുത്തരവാദപരമായി വര്‍ഗീയതയുടെ നിറച്ചാര്‍ത്ത് തിരഞ്ഞെടുപ്പ് ഓഫീസര്‍ കല്‍പ്പിച്ചു നല്‍കിയതെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

Top