ചെങ്ങന്നൂര്‍: രമേശ് ചെന്നിത്തലക്ക് യു.ഡി.എഫ് സര്‍ക്കാരില്‍ താക്കോല്‍സ്ഥാനമായ ആഭ്യന്തരമന്ത്രി സ്ഥാനം നേടിക്കൊടുത്ത എന്‍.എസ്.എസ് ചെങ്ങന്നൂരില്‍ ചെങ്കൊടിയെ തുണച്ചു. പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാന മന്ദിരത്തിന്റെ വിളിപ്പാടകലെയുള്ള ചെങ്ങന്നൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസിന്റെ പിന്തുണയാണ് സജി ചെറിയാന് തിളക്കമാര്‍ന്ന വിജയം നേടിക്കൊടുത്തത്.
പ്രതിപക്ഷ നേതാവും എന്‍.എസ്.എസിന്റെ നോമിനിയുമായിരുന്ന രമേശ് ചെന്നിത്തലക്ക് സ്വന്തം ഗ്രൂപ്പുകാരനായ വിജയകുമാറിന് എന്‍.എസ്.എസ് പിന്തുണ ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. അതേസമയം എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന ആര്‍. ബാലകൃഷ്ണപിള്ളയും മകന്‍ കെ.ബി ഗണേഷ്‌കുമാറും എന്‍.എസ്.എസും ഇടതുമുന്നണിയുമായുള്ള പാലമായി പ്രവര്‍ത്തിച്ച് എന്‍.എസ്.എസ് വോട്ടുകളെ ഇടതുപക്ഷത്ത് ഉറപ്പിച്ചു.
2016ല്‍ കെ.കെ രാമചന്ദ്രന്‍നായര്‍ 7983 വോട്ടിനു വിജയിച്ച തെരഞ്ഞെടുപ്പിലും എന്‍.എസ്.എസ് തുണച്ചത് രാമചന്ദ്രന്‍നായരെയായിരുന്നു. നായരല്ലാത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും രാമചന്ദ്രന്‍നായര്‍ക്ക് ലഭിച്ച എന്‍.എസ്.എസ് വോട്ടുകള്‍ സജി ചെറിയാന് ഉറപ്പിക്കാനും ഇടതുമുന്നണിക്ക് കഴിഞ്ഞു.
എന്‍.എസ്.എസ് വോട്ടുകള്‍ അനുകൂലമാക്കാനുള്ള ആത്മാര്‍ത്ഥ പരിശ്രമം ഒരു ഘട്ടത്തിലും രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ്സ് നേതൃത്വവും സ്വീകരിച്ചില്ല. ദേവസ്വം ബോര്‍ഡുകളിലും കോളേജുകളിലും എന്‍.എസ്.എസ് താല്‍പര്യം സംരക്ഷിക്കുന്ന നിലപാട് ഇടതുമുന്നണി സ്വീകരിച്ചതും എന്‍.എസ്.എസിന്റെ വോട്ട് അനുകൂലമാക്കി.
യു.ഡി.എഫ് ഭരണകാലത്തേക്കാള്‍ നായര്‍ സമുദായത്തിന് സഹായം നല്‍കിയത് പിണറായി സര്‍ക്കാറാണെന്ന് പരസ്യമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊട്ടാരക്കരയില്‍ ബാലകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ച പരിപാടിയിലായിരുന്നു ഈ ‘നയം’ വ്യക്തമാക്കല്‍ നടന്നത്.
സമദൂരം ചിലപ്പോള്‍ ശരിദൂരമാക്കേണ്ടി വരുമെന്ന് ചടങ്ങില്‍ സംസാരിച്ച ബാലകൃഷ്ണ പിള്ളയും പറഞ്ഞിരുന്നു.ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കെ നടന്ന ഈ നിലപാട് ബി.ജെ.പി – കോണ്‍ഗ്രസ്സ് നേതാക്കളെ അന്ന് തന്നെ ആശങ്കപ്പെടുത്തിയിരുന്നു.