ഡല്‍ഹി: എന്‍.എസ്.യു ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കേരളത്തില്‍ നിന്ന് ദേശീയ സെക്രട്ടറിമാരായി രാഹുല്‍ മാങ്കൂട്ടത്തിലിനെയും അബിന്‍ വര്‍ക്കിയെിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചതായി എന്‍.എസ്.യു ദേശീയ അധ്യക്ഷന്‍ ഫിറോസ് ഖാന്‍ അറിയിച്ചു.
പുതിയ ആറു ജനറല്‍ സെക്രട്ടറിമാരെയും നാല്‍പത് സെക്രട്ടറിമാരെയും അഞ്ച് ദേശീയ കോഡിനേറ്ററുമാരെയും ഉള്‍പ്പെടുത്തിയാണ് പുനഃസംഘടന. എന്‍.എസ്.യു ദേശീയ അധ്യക്ഷനായി ഫിറോസ് ഖാന്‍ തുടരും. എന്‍.എസ്.യു ദേശീയ കോ-ഒാഡിനേറ്ററായി എറിക്ക് സ്റ്റീഫനെയും, മാധ്യമ വിഭാഗം തലവനായി ഡല്‍ഹിയില്‍ നിന്നുള്ള മലയാളി മിറാഷ് മാത്യുവിനെയും നിയമിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി നേതാക്കളുമായി അഭിമുഖം നടത്തി തയ്യാറാക്കിയ പട്ടികയില്‍നിന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
നിലവില്‍ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പത്തനംതിട്ട സ്വദേശിയായ രാഹുല്‍. എറണാകുളം സ്വദേശിയായ അബിന്‍ വര്‍ക്കി നിലവില്‍ എന്‍.എസ്.യു ദേശീയ സമിതിയംഗമാണ്. തിരുവനന്തപുരത്ത് നിന്നുള്ള എറിക്ക് സ്റ്റീഫന്‍ നിലവില്‍ കെ.എസ്.യു സംസ്ഥാന സെക്രട്ടറിയാണ്. സുരഭി ദ്വിവേദി(മഹാരാഷ്ട്ര), വര്‍ധന്‍ യാദവ് (ഹരിയാന), കരീഷ്മാ ഠാക്കൂര്‍ (യു.പി.),രജീബ് പഠ്‌നായിക്ക് (ഒഡീഷാ), ശിവരാജ് (മഹാരാഷ്ട്ര) എന്നിവരെയാണ് ദേശീയ ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചിട്ടുള്ളത്.