എന്‍.ടി.ആറിന്റെ മകനും നടനുമായ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി.രാമറാവുവിന്റെ നാലാമത്തെ മകനും നടനുമായ നന്ദമുരി ഹരികൃഷ്ണ (62) വാഹനാപകടത്തില്‍ മരിച്ചു.

ഹൈദരാബാദില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ നല്‍ഗൊണ്ടയില്‍ ഇന്ന് പുലര്‍ച്ചെ നടന്ന അപകടത്തിലായിരുന്നു മരണം.

നെല്ലൂരില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകകയായിരുന്ന ഹരികൃഷ്ണ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അമിതവേഗത്തിലാണ് ഹരികൃഷ്ണ കാര്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്നു.

തെലുങ്കുദേശം പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയായ എന്‍.ടി.ആറിന്റെ നാലാമത്തെ മകനാണ് ഹരികൃഷ്ണ. നടന്‍ കൂടിയായിരുന്ന ഹരികൃഷ്ണ 2008ല്‍ രാജ്യസഭാംഗമായിരുന്നു.

സഹോദരന്‍ നന്ദമുരി ബാലകൃഷ്ണ തെലുങ്കിലെ അറിയപ്പെടുന്ന നടനാണ്.

Top