സോള്‍: ഉത്തര കൊറിയയിലെ ആണവ നിരായുധീകരണത്തിനു യാതൊരു വിട്ടുവീഴ്ചയുമില്ലെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. പ്യോങ്യാങില്‍, ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും സംഘവുമായുള്ള പോംപിയോയുടെ രണ്ടാം ദിന ചര്‍ച്ചകള്‍ക്കിടെ വക്താവ് ഹെതര്‍ നവേര്‍ട്ടാണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഉത്തര കൊറിയയുടെ പൂര്‍ണ ആണവനിരായുധീകരണം, സുരക്ഷാ ഉറപ്പുകള്‍, 1950,53 കൊറിയന്‍ യുദ്ധകാലത്തെ യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടം കൈമാറുന്നത് എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങള്‍ക്കു മേലാണ് ചര്‍ച്ച നടക്കുന്നത്. ഈ വിഷയങ്ങളില്‍ പോംപിയോയ്ക്ക് ഉറച്ച നിലപാടാണ് ഉള്ളതെന്നും അവര്‍ പറഞ്ഞു.
ആണവനിലയങ്ങളുടെ സമ്പുഷ്ടീകരണവുമായി ഉത്തരകൊറിയ മുന്നോട്ടു പോകുന്നതായുള്ള വാര്‍ത്തകള്‍ക്കിടയിലാണ് പോംപിയോ ചര്‍ച്ചകള്‍ക്കായി ഉത്തര കൊറിയയില്‍ എത്തിയത്. കൊറിയന്‍ ഉപഭൂഖണ്ഡത്തെ ആണവമുക്തമാക്കുക എന്ന അതീവ പ്രാധാന്യമുള്ള ലക്ഷ്യം കൈവരിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമാണ് ഉത്തര കൊറിയന്‍ യാത്രയുടെ ലക്ഷ്യം. കഴിഞ്ഞ എട്ടുമാസമായി ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നും മിസൈല്‍, ആണവായുധ പരീക്ഷണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പുരോഗതിയുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് അറിയിച്ചിരുന്നു.