ടെഹ്റാന്‍: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനു കിഴക്ക് ഏകദേശം 20 കിലോമീറ്റര്‍ മാറിയുള്ള ആല്‍ബോര്‍സ് മലനിരകളില്‍ സംഭവിച്ച അജ്ഞാത സ്‌ഫോടനത്തിന്റെ ഉറവിടം തേടുകയാണ് ലോകം. സ്‌ഫോടനത്തില്‍ താഴ്വരയിലെ വീടുകള്‍ വിറകൊണ്ടെന്നും ജനല്‍ച്ചില്ലുകള്‍ പൊട്ടിവീണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 26നു പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം പുറത്തുവിട്ടത്.
പാര്‍ചിന്‍ പ്രദേശത്തെ വാതക സംഭരണ പ്ലാന്റിലെ ടാങ്കുകളിലൊന്നിലെ ചോര്‍ച്ചയെത്തുടര്‍ന്നാണു പൊട്ടിത്തെറിയെന്നായിരുന്നു ആദ്യഘട്ട വിശദീകരണം. ഇറാന്റെ കുപ്രസിദ്ധ സൈനിക കേന്ദ്രങ്ങളിലൊന്നായ ഖോജിറിനു സമീപമായിരുന്നു സ്‌ഫോടനമെന്നതും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു.
രണ്ടു ദശാബ്ദക്കാലമായി ആണവബോബുകളുടെ നിര്‍മാണത്തിന് ഇറാന്‍ ഉപയോഗപ്പെടുത്തുന്ന കേന്ദ്രമാണതെന്നാണ് യുഎസ് ഉള്‍പ്പെടെ ആരോപിക്കുന്നത്. എന്നാല്‍ വാതക ചോര്‍ച്ചയാണുണ്ടായതെന്ന വാദത്തില്‍ പ്രതിരോധ മന്ത്രാലയം ഉറച്ചുനില്‍ക്കുകയായിരുന്നു.
സമീപ പ്രദേശത്ത് ആള്‍ത്താമസമില്ലാത്ത കുന്നിന്‍ പുറത്താണ് സ്‌ഫോടനമുണ്ടായതെന്നതിനാല്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചില്ല. തീപിടിത്തം നിയന്ത്രണ വിധേയമാക്കിയെന്നും പ്രതിരോധ വകുപ്പ് വക്താവ് അറിയിച്ചു.
ഔദ്യോഗിക ടിവി തീപിടിത്തമുണ്ടായെന്നു പറയുന്ന ഭാഗത്തിന്റെ വിഡിയോയും പുറത്തുവിട്ടെങ്കിലും തീപിടിത്തത്തിനു കാരണമായി വാതക ചോര്‍ച്ചയാണെന്ന് അധികൃതര്‍ ഉറച്ചു നിന്നു.
സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ഔദ്യോഗിക ചാനല്‍ സംഘത്തിനു പോലും കനത്ത നിയന്ത്രണങ്ങളായിരുന്നു. തീപിടിത്തത്തില്‍ നശിച്ച വാതക സിലിണ്ടറുകളുടെ വിഡിയോ ദൃശ്യങ്ങളില്‍ പരിസരത്തെ മറ്റു കാഴ്ചകളൊന്നുമുണ്ടായിരുന്നില്ല. സിലിണ്ടറുകളുടെ ക്ലോസ്അപ് ഷോട്ടുകളായിരുന്നു എല്ലാം. അതിനാല്‍ത്തന്നെ സ്‌ഫോടനം നടന്നത് യഥാര്‍ഥത്തില്‍ എവിടെയാണെന്ന് പോലും തിരിച്ചറിയാന്‍ സാധിച്ചില്ല.
പൊതുഇടത്തിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രതിരോധ വകുപ്പ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ തീയണയ്ക്കാന്‍ എത്തേണ്ടത് അഗ്‌നിശമന സേനാംഗങ്ങളാണ്. പക്ഷേ ദൃശ്യങ്ങളില്‍ കാണുന്നത് സൈനികര്‍ തീയണയ്ക്കുന്നതാണ്. ഇത് എന്തുകൊണ്ടാണെന്നതിന് ചാനല്‍ റിപ്പോര്‍ട്ടിലും ഉത്തരമില്ല. അതിനിടെ പുറത്തുവന്ന സാറ്റലൈറ്റ് ദൃശ്യങ്ങളാണ് സ്‌ഫോടനം സംബന്ധിച്ച കൂടുതല്‍ ദുരൂഹതയ്ക്കു വഴിമരുന്നിട്ടത്. അധികമാര്‍ക്കും പ്രവേശനമില്ലാത്ത തുരങ്കങ്ങള്‍ നിറഞ്ഞതാണ് പാര്‍ചിന്‍ മേഖലയിലെ ഖോജിര്‍ ആണവ പരീക്ഷണ കേന്ദ്രം.
According to @Iran_true there are reports of massive explosions East of Tehran. #IRGC and many military bases are in the area.
Here is a video by somebody from Pardis, East of Tehran. He says: "We heard an explosion and you can see the light behind the hill."#IranTruth pic.twitter.com/CFomBFdDXg— IranBehtar (@BehtarIran) June 25, 2020
ഇവിടെ ആണവ മിസൈല്‍ പരീക്ഷണങ്ങളും ആണവ ബോംബ് നിര്‍മാണവും നടക്കുന്നുണ്ടെന്നാണു വിവരം. 20 വര്‍ഷം മുന്‍പ് ഇവിടെ തുടര്‍ സ്‌ഫോടന പരീക്ഷണം നടന്നതായി പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. അന്നുമുതല്‍ ഉപഗ്രഹ ചാരക്കണ്ണുകളുടെ നിരീക്ഷണത്തിലാണ് ഖോജിര്‍. ഇതിന് എതിര്‍വശത്താണ് സ്‌ഫോടനമുണ്ടായ കെട്ടിടമെന്നാണു സൂചന. ഇവിടെ നൂറുകണക്കിന് മീറ്റര്‍ ദൂരത്തില്‍ പുല്ലും ചെടികളും കത്തിനശിച്ചതായി സാറ്റലൈറ്റ് ദൃശ്യങ്ങളിലുണ്ട്.
ഏതാനും ആഴ്ച മുന്‍പ് ഇതേ പ്രദേശത്തുനിന്നെടുത്ത ചിത്രങ്ങളില്‍ ഈ കരിഞ്ഞ അടയാളങ്ങളുണ്ടായിരുന്നതുമില്ല. ഔദ്യോഗിക ടിവി റിപ്പോര്‍ട്ടിലെ ദൃശ്യങ്ങള്‍ക്കു സമാനമായ ചില കാഴ്ചകളും ഈ കരിഞ്ഞ പ്രദേശത്തിനോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ കാണാമായിരുന്നു.
ഇറാനില്‍ റോക്കറ്റുകള്‍ നിര്‍മിക്കുന്ന ഷാഹിദ് ബക്കേറി ഇന്‍ഡസ്ട്രിയല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രദേശമാണിത്. ഒട്ടേറെ വ്യവസായ കേന്ദ്രങ്ങളുടെ ചിത്രങ്ങളും സാറ്റലൈറ്റ് ദൃശ്യത്തില്‍ കാണാം. ഇവ മിസൈല്‍ ഘടകങ്ങളുടെ നിര്‍മാണത്തിനുള്ളതാണെന്നാണു സൂചന. ഖോജിറിലെ അജ്ഞാത തുരങ്കങ്ങളിലാണ് ഈ ഘടകങ്ങള്‍ യോജിപ്പിക്കുന്നതും സ്‌ഫോടന പരീക്ഷണങ്ങള്‍ ‘ട്രിഗര്‍’ ചെയ്യുന്നതും.
മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ പരീക്ഷണശാല ഇറാന്റെയാണെന്ന് നേരത്തേ യുഎസ് പ്രതിരോധ രഹസ്യാന്വേഷണ ഏജന്‍സി (ഡിഐഎ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിലാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളിലേറെയും നടക്കുന്നത്.
ആണവ വിദഗ്ധര്‍, സുരക്ഷാ സേന എന്നിവരുടെ നേതൃത്വത്തില്‍ മിസൈല്‍ വികസന പദ്ധതികളും നിര്‍മാണവും നടക്കുന്നതും ഇവിടെയാണെന്നും 2019ലെ റിപ്പോര്‍ട്ടില്‍ ഡിഐഎ വ്യക്തമാക്കുന്നു. ഇറാന്റെ അണ്വായുധ പരീക്ഷണങ്ങളിലേറെയും നടക്കുന്നത് ഖോജിറിലാണെന്ന് നേരത്തേ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയും സംശയം പ്രകടിപ്പിച്ചിരുന്നു.
ഖോജിറില്‍ അടുത്തകാലത്തു പലപ്പോഴായി സ്‌ഫോടനങ്ങളുണ്ടായിട്ടുണ്ട്. മിസൈല്‍ പദ്ധതികള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്ന റവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ ഹസ്സന്‍ ടെഹ്‌റാനി 2011ല്‍ അത്തരമൊരു സ്‌ഫോടനത്തിലാണു കൊല്ലപ്പെട്ടത്. ടെഹ്‌റാനു സമീപത്തെ ഒരു മിസൈല്‍ വിക്ഷേപണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ അന്ന് 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സ്‌ഫോടനവും തുടക്കത്തില്‍ വെറുമൊരു അപകടമായാണ് അധികൃതര്‍ വിശദീകരിച്ചത്.