ലണ്ടന്‍ : ഏതു നിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമാണ് കൊറിയന്‍ ഉപദ്വീപില്‍ നിലനില്‍ക്കുന്നതെന്ന് യു.എന്നിലെ ഉത്തരകൊറിയന്‍ അംബാസഡര്‍ കിം ഇന്‍ റ്യോങ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിലും വാക് പോര് തുടരുന്നതിനിടെയാണ് ഉത്തരകൊറിയ നിലപാട് വ്യക്തമാക്കിയത്.
ഉത്തര കൊറിയയ്‌ക്കെതിരായ സമീപനങ്ങളും ആണവഭീഷണികളും യുഎസ് അവസാനിപ്പിക്കണം. അങ്ങനെയല്ലാതെ ആണവായുധങ്ങളെക്കുറിച്ചും ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ചും ചര്‍ച്ച നടത്താന്‍ ഏതു സാഹചര്യത്തിലും ഞങ്ങള്‍ തയാറല്ലന്നും കിം ഇന്‍ റ്യോങ് പറഞ്ഞു.
യു.എന്നിലെ നിരായുധീകരണ സമിതിക്കു മുമ്പാകെയാണ് ഉത്തരകൊറിയ നിലപാട് വ്യക്തമാക്കിയത്.
കൊറിയന്‍ പെനിസുലയിലെ സംഘര്‍ഷം നിര്‍ണായക ഘട്ടത്തിലാണ്. ഏതുനിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നും റയോങ് അറിയിച്ചു.
എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധം വേണ്ടെന്ന നിലപാട് എടുത്തതായി യു.എസ് പ്രതിരോധ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ അറിയിച്ചിരുന്നു. ആദ്യ ബോംബ് പതിക്കുന്നതുവരെ ചര്‍ച്ചകള്‍ തുടരുമെന്നും ടില്ലേഴ്‌സണ്‍ വ്യക്തമാക്കിയിരുന്നു.
ഈ വിഷയത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കു വേണ്ടി സമയം പാഴാക്കുകയായിരുന്നു ടില്ലേഴ്‌സണ്‍ എന്ന് ട്രംപും ട്വീറ്റ് ചെയ്തിരുന്നു.
ലോക ദുഷ്ടശക്തികളില്‍ നിന്നും വലിയ ഭിഷണിയാണ് യു.എസ് നേരിടുന്നതെന്നും ഇവരെ അമര്‍ച്ച ചെയ്യാന്‍ മുന്‍കൈ എടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഭീഷണി തുടര്‍ന്നാല്‍ ഉത്തര കൊറിയയെ പൂര്‍ണമായും നശിപ്പിക്കും. ഉത്തര കൊറിയയുടെ ‘റോക്കറ്റ് മാന്‍’ (കിം ജോങ് ഉന്‍) ആത്മഹത്യാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.