ആണവായുധ ശേഖരണത്തില്‍ പാകിസ്ഥാന്‍ വന്‍കുതിപ്പ് നടത്തുന്നതായി റിപ്പോര്‍ട്ട്

ലാഹോര്‍: പാക്കിസ്ഥാന്‍ ആണവായുധ നിര്‍മ്മാണത്തിന്റെയും ശേഖരണത്തിന്റെയും കാര്യത്തില്‍ വലിയ മുന്നേറ്റം നടത്തുന്നതായി റിപ്പോര്‍ട്ട്. ബുള്ളറ്റിന്‍ ഓഫ് ആറ്റോമിക് സയന്റിസ്റ്റാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പാകിസ്ഥാന്റെ ഈ നീക്കത്തെ സൂക്ഷമതയോടെ കാണണമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

യുറേനിയം സമ്പുഷ്ടീകരണവും പ്ലൂട്ടോണിയം നിര്‍മ്മാണവും പാക്കിസ്ഥാനില്‍ വലിയ തോതിലാണ് നടക്കുന്നത്. ലോകത്തിലെ അഞ്ചാമത്തെ ആണവ ശക്തിയാകാന്‍ പാക്കിസ്ഥാന് അധികം സമയം വേണ്ടിവരില്ല. നിലവിലെ സാഹചര്യത്തില്‍ 2025 ഓടെ ഇത് സാധ്യമാകുമെന്നും ബുള്ളറ്റിന്‍ ഓഫ് അറ്റോമിക് സയന്റിസ്റ്റ്‌ റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണിത്.

നൂറ്റമ്പതോളം ആണവായുധങ്ങള്‍ ഇപ്പോള്‍ തന്നെ പാകിസ്ഥാന്‌ സ്വന്തമായുണ്ട്. അടുത്ത ഏഴ് വര്‍ഷം കൊണ്ട് ഇത് 225 ആക്കി ഉയര്‍ത്താനുള്ള നീക്കത്തിലാണ് പാക്കിസ്ഥാനെന്ന് അമേരിക്കന്‍ പഠന സംഘം മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യയുടെ ആണവ ശേഷിക്ക് ആനുപാതികമായ വളര്‍ച്ചയാണ് പാക്കിസ്ഥാനും ലക്ഷ്യമിടുന്നത്. ഹ്രസ്വ ദൂര ആണവായുധങ്ങളുടെ നിര്‍മ്മാണത്തിലാണ് കൂടുതല്‍ ശ്രദ്ധ. ഇന്ത്യയടക്കമുള്ള അയല്‍ രാജ്യങ്ങളെ അസ്വസ്ഥമാക്കാനുള്ള ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് 12 പേജുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പാക്കിസ്ഥാനിലെ നിര്‍ണായക സുരക്ഷാ വിഭാഗങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളെ മുന്‍ നിര്‍ത്തിയാണ് പഠനം നടത്തിയത്. മൊബൈല്‍ ലോഞ്ചറുകളുടെയും ഭൂഗര്‍ഭ സംവിധാനങ്ങളുടെയും സാന്നിധ്യം പരിശോധിച്ചുള്ള റിപ്പോര്‍ട്ട് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജേന്‍സ് ഡിഫന്‍സ് വീക്കിലിയിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്.

Top