ഒറ്റപ്പാലം: നടന്‍ ശ്രീജിത്ത് രവിക്കെതിരെ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ പൊലീസില്‍ നല്‍കിയ പരാതിക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ശ്രീജിത്തിന്റെ സുഹൃത്തുക്കള്‍.
ഒരിക്കലും ശ്രീജിത്ത് രവി ഇത്തരമൊരു കാര്യം ചെയ്യില്ല. സിനിമയില്‍ വില്ലനാണെങ്കിലും ജീവിതത്തില്‍ അദ്ദേഹം ഒരിക്കലും വില്ലനായിട്ടില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂളിന് മുന്നില്‍ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയിട്ടുണ്ടെങ്കില്‍ അതാരാണെന്നാണ് പൊലീസ് കണ്ടെത്തേണ്ടത്. കുട്ടികള്‍ പോലും ശ്രീജിത്ത് രവിക്കെതിരെ പരാതി പറഞ്ഞിട്ടില്ലെന്നിരിക്കെ ബോധപൂര്‍വ്വം അവഹേളിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് കേസെടുത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയതും അവരുടെ ഭര്‍ത്താവ് തന്നെ പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് പറയുന്നതും ദുരൂഹതയുണര്‍ത്തുന്നതാണെന്നാണ് സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടി.
ശ്രീജിത്ത് രവിക്കും ഒരു കുടുംബമുണ്ടെന്നും അദ്ദേഹത്തെ അപമാനിക്കാനുള്ള ശ്രമത്തില്‍ നിന്നും പിന്‍തിരിയണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
സംഭവത്തില്‍ ഏതെങ്കിലും തല്‍പ്പരകക്ഷികളുടെ താല്‍പര്യം പരാതി നല്‍കിയതിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കാനും ശ്രീജിത്ത് രവിയുടെ സുഹൃത്തുക്കള്‍ ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ച സംഘമായി സ്‌കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി KL08BE9054 നമ്പര്‍ കാറിലെ ഡ്രൈവര്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും സെല്‍ഫി എടുക്കുകയും ചെയ്‌തെന്നാണ് പരാതി. ഈ നമ്പര്‍ കാര്‍ ശ്രീജിത്ത് രവിയുടേതാണെന്ന് ഒറ്റപ്പാലം പൊലീസ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചത് താനല്ലെന്നും സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ശ്രീജിത്ത് രവി പ്രതികരിച്ചിരുന്നു.