കൊറോണാവൈറസ് രോഗം ബാധിച്ച ആളുകളുടെ എണ്ണം ഇന്ത്യയില്‍ 147 ആയി ഉയര്‍ന്നെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ 147 ആളുകളില്‍ 122 പേര്‍ ഇന്ത്യക്കാരും, 25 പേര്‍ വിദേശികളുമാണെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
കൊവിഡ്19 പോസിറ്റീവ് കേസുകളുടെ സംസ്ഥാന തല കണക്കുകളില്‍ മഹാരാഷ്ട്രയാണ് ഇപ്പോള്‍ ഒന്നാമതുള്ളത്. 38 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. 25 പോസിറ്റീവ് കേസുകളുമായി കേരളം രണ്ടാമതും, 15 കേസുകളുമായി ഉത്തര്‍പ്രദേശ് മൂന്നാമതും, 11 കേസുകള്‍ കര്‍ണ്ണാടകത്തിലുമാണ്.
ഈ പോസിറ്റീവ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന 5700ലേറെ പേര്‍ നിരന്തര നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 14 പേരാണ് ഇതുവരെ ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ടത്. ഇതില്‍ മൂന്ന് പേര്‍ കേരളത്തില്‍ കഴിഞ്ഞ മാസം രോഗമുക്തി നേടിയവരാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോള തലത്തില്‍ പുതിയ കൊറോണാവൈറസ് 179,000ലേറെ പേരെയാണ് ഇതിനകം പിടികൂടിയത്. ചൊവ്വാഴ്ച 475 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 7426 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ഇതുവരെ മൂന്ന് പേരാണ് മരിച്ചത്.
ചൊവ്വാഴ്ച മുതല്‍ അഫ്ഗാനിസ്ഥാന്‍, ഫിലിപ്പൈന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യ അടിയന്തരമായി യാത്രാവിലക്ക് ഏര്‍പ്പെടുത്തി. അതേസമയം യുകെയില്‍ നിന്നും മടങ്ങിയെത്തിയ ബോളിവുഡ് താരം സോനം കപൂര്‍ അഹൂജ ഇന്ത്യയുടെ നിരീക്ഷണ സംവിധാനങ്ങളെ പ്രശംസിച്ചു. ലണ്ടനില്‍ നിന്നും യാതൊരു സ്‌ക്രീനിംഗും കൂടാതെയാണ് തങ്ങളെ വിമാനത്തില്‍ കയറ്റിയതെന്ന് താരം വെളിപ്പെടുത്തി.
ഇതോടെ വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന ആളുകളെ എത്രത്തോളം ജാഗ്രതയോടെ നിരീക്ഷിക്കണമെന്നാണ് വ്യക്തമാകുന്നത്. രോഗത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയാതെ നെട്ടോട്ടം ഓടുന്ന ഇറ്റലിയിലെ ആശുപത്രികള്‍ തങ്ങളുടെ അവസ്ഥ മറ്റ് രാജ്യങ്ങള്‍ക്കുള്ള പാഠമാകണമെന്നാണ് ചൂണ്ടിക്കാണിച്ചത്.