അതിര്‍ത്തിയില്‍ തീവ്രവാദ ക്യാമ്പുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്: കരസേന

Terrorists

ഉധംപൂര്‍: അതിര്‍ത്തിയില്‍ തീവ്രവാദ ക്യാമ്പുകളുടെയും നുഴഞ്ഞുകയറ്റ കേന്ദ്രങ്ങളുടേയും എണ്ണം വര്‍ധിച്ചുവെന്ന് ആര്‍മി കമാന്‍ഡര്‍ ലെഫ്. ജനറല്‍ ദേവരാജ് അന്‍പു.

ഇന്ത്യയിലേക്ക് ഒളിച്ചു കടക്കുന്നതിനായി 475 ഓളം തീവ്രവാദികള്‍ നിയന്ത്രണരേഖയില്‍ കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നോര്‍ത്തേണ്‍ കമാന്‍ഡ് ആസ്ഥാനത്ത് മികച്ച സേവനത്തിനുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്ന ചടങ്ങില്‍ മാധ്യമപ്രകവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച സേവനത്തിനും ധീരതയ്ക്കുമുള്ള അംഗീകാരമായി 103 ആര്‍മി ഓഫീസര്‍മാര്‍ക്കും സൈനീകര്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റ ശ്രമങ്ങളുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടായത്. എന്നാല്‍ അവയില്‍ വളരെ കുറച്ച് ശ്രമങ്ങള്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ. ഈ വര്‍ഷം മാത്രം 144 തീവ്രവാദികളെയാണ് സുരക്ഷാ സേന വധിച്ചത്. എന്നിരുന്നാലും കശ്മീരിലെ സുരക്ഷാ സ്ഥിതി നിയന്ത്രണവിധേയമാണ്. വിഘടന വാദികള്‍ക്ക് വേണ്ടിയുള്ള ദേശീയ അന്വേഷണ ഏജന്‍സികളുടെ തിരച്ചിലും തീവ്രവാദി നേതാക്കളുടെ കൊലപാതകവും കശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നുഴഞ്ഞു കയറ്റ ശ്രമങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായെങ്കിലും ഈ മേഖലയിലേക്ക് എത്തുന്ന തീവ്രവാദികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. നിയന്ത്രണ രേഖയില്‍ എത്ര തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല. എന്നാല്‍ വടക്കന്‍ കശ്മീര്‍ അതിര്‍ത്തിയില്‍ 250 ഓളം തീവ്രവാദികളും ജമ്മുവിന്റെ തെക്കന്‍ അതിര്‍ത്തികളില്‍ 225ഓളം തീവ്രവാദികളും തമ്പടിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളതെന്നും നോര്‍ത്തേണ്‍ കമാന്‍ഡ് കമാന്‍ഡിംഗ് ഓഫീസറായ ദേവരാജ് അന്‍പു വ്യക്തമാക്കി.

മള്‍ട്ടി ഏജന്‍സി സെന്ററിന്റെ നിരീക്ഷണം പ്രകാരം കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളുടെ എണ്ണം 75 ആണ്. എന്നാല്‍ സൈന്യത്തിന്റെ കണക്ക് പ്രകാരം ഇത് 45 മുതല്‍ 50 വരെ മാത്രമാണ്. നുഴഞ്ഞു കയറ്റം തടയാനായി നിയന്ത്രണ രേഖയില്‍ സൈന്യം ശക്തമായ പ്രതിരോധം തീര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന വിഘടന വാദികള്‍ക്ക് വേണ്ടി എന്‍.ഐ.ഐ തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇത് സുരക്ഷാ സംവിധാനങ്ങള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്. കശ്മീരിലെ പ്രക്ഷോഭങ്ങള്‍ക്കും ഇപ്പോള്‍ അയവ് വന്നിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം അവസാന മാസങ്ങളില്‍ സ്ഥിതിവിശേഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറച്ച് സംഭവങ്ങള്‍ മാത്രമേ മേഖലയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.

തീവ്രവാദി നേതാക്കളെ ഇല്ലാതാക്കാന്‍ കഴിഞ്ഞതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്. കശ്മീരില്‍ തീവ്രവാദികള്‍ക്ക് മുന്‍തൂക്കം ഉള്ളപ്പോഴാണ് പ്രശ്‌നങ്ങള്‍ വഷളാവുന്നത്. തീവ്രവാദം ശക്തിപ്രാപിക്കുമ്പോള്‍ സ്വാഭാവികമായും യുവാക്കളും അതിലേക്ക് ആകൃഷ്ടരാവും. എന്നാല്‍ ഇപ്പോള്‍ താഴ് വരയില്‍ സൈന്യം മേല്‍ക്കോയ്മ വരുത്താനുള്ള തീവ്രശ്രമത്തിലാണ്. ജമ്മുവില്‍ തീവ്രവാദി സാന്നിധ്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീവ്രവാദ പ്രവര്‍ത്തനങ്ങളുടേതായി യാതൊരു വിധത്തിലുമുള്ള അടയാളങ്ങളും ജമ്മുവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒറ്റപ്പെട്ട നുഴഞ്ഞു കയറ്റശ്രമങ്ങള്‍ ഉണ്ടെങ്കിലും തീവ്രവാദികള്‍ തമ്പടിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top