ദില്ലി: രാജ്യത്ത് വാക്‌സീന്‍ സ്വീകരിക്കുന്നവരില്‍ സ്ത്രീകളുടെ എണ്ണം കുറവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആയിരം പുരുഷന്മാര്‍ വാക്‌സീനെടുക്കുമ്പോള്‍ 854 സ്ത്രീകള്‍ക്ക് മാത്രമേ വാക്‌സീനെടുക്കാന്‍ കഴിയുന്നുള്ളൂവെന്നാണ് വാക്‌സിനേഷന്‍ നിരക്ക് വ്യക്തമാക്കുന്നത്. വാക്‌സിനേഷനെ കുറിച്ചുള്ള തെറ്റായ പ്രചാരണമടക്കം സ്ത്രീകളെ പിന്നോട്ടടിക്കുന്നുവെന്നാണ് വിലയിരുത്തല്‍.
വാക്‌സീനെടുത്ത് പനി പിടിച്ച് കിടന്നാല്‍ വീട്ടില്‍ ആര് ഭക്ഷണമുണ്ടാക്കും, ജോലി തരിക്കിനിടയില്‍ വാക്‌സീനെടുക്കാന്‍ കഴിഞ്ഞില്ല, ഗ്രാമത്തിലെ വീടിനടുത്ത് വാക്‌സിനേഷന്‍ സെന്റര്‍ ഇല്ല, കൈയ്യില്‍ സ്മാര്‍ട്ട് ഫോണില്ല ഇങ്ങനെ തുടങ്ങി നിരവധി കാരണങ്ങളാണ് വാക്‌സീന്‍ എടുക്കാത്തതിന് സ്ത്രീകള്‍ക്ക് പറയാനുള്ളത്. ഒപ്പം ആര്‍ത്തവ ദിവസങ്ങളില്‍ വാക്‌സീന്‍ സ്വീകരിക്കരുത്, ഗര്‍ഭം ധരിക്കാന്‍ ഒരുങ്ങുന്ന സ്ത്രീകള്‍ വാക്‌സീനെടുക്കരുത് തുടങ്ങിയ തെറ്റായ പ്രചാരണങ്ങള്‍ വിശ്വസിച്ചവര്‍ വേറെയും.
സമൂഹത്തില്‍ സ്ത്രീകള്‍ ഇന്നോളമനുഭവിച്ച പ്രയാസങ്ങളുടെ ബാക്കിയാണ് ഈ അന്തരവുമെന്ന് സാമൂഹ്യപ്രവര്‍ത്തക കവിത കൃഷ്ണന്‍ പറഞ്ഞു. മറ്റെല്ലാ മേഖലയിലും സ്ത്രീകള്‍ക്കുള്ള പരിമിതകള്‍ തന്നെയാണ് വാക്‌സിനേഷനിലെ ഈ അന്തരത്തിനും ഇടയാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൊവിന്‍ ആപ്പില്‍ നല്‍കിയ കണക്ക് പ്രകാരം രാജ്യത്താകെയുള്ള സ്ത്രീകളില്‍ ഇരുപത്തി മൂന്ന് ശതമാനമാണ് ഇതുവരെ വാക്‌സീന്‍ സ്വീകരിച്ചത്. ആകെ പുരുഷന്മാരുടെ 25 ശതമാനത്തിന് വാക്‌സീന്‍ ലഭിച്ചു കഴിഞ്ഞു. കേരളം, ആന്ധ്ര, ഛത്തീസ്ഗഡ് ഹിമാചല്‍ എന്നീ സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലായിടത്തും വാക്‌സീന്‍ സ്വീകരിച്ച പുരഷന്മാരെക്കാള്‍ കുറവാണ്‌സ്ത്രീകളുടെ എണ്ണം.
രാജ്യത്ത് പോഷകാഹാരക്കുറവും അതുമൂലമുണ്ടാകുന്ന പ്രതിരോധ ശേഷിക്കുറവും ഏറ്റവും കൂടുതല്‍ കാണുന്നത് സ്ത്രീകളിലാണെന്നിരിക്കെ വാക്‌സീനേഷിലെ ഈ അന്തരം ഇല്ലാതാക്കാന്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ആവശ്യമാണ്.