തിരൂരങ്ങാടിയിൽ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മോഷണം പോയി; ആലപ്പുഴയിൽ നിന്ന്‌ ഉടമയ്‌ക്ക് പിഴ

തിരൂരങ്ങാടി : തിരൂരങ്ങാടിയിൽ നിർത്തിയിട്ട ബൈക്കിൽ നിന്ന് നമ്പർ പ്ലേറ്റ്‌ മോഷണംപോയ ഉടമയ്‌ക്ക്‌ ആലപ്പുഴയിൽനിന്ന് ഫൈൻ അടയ്‌ക്കാൻ നോട്ടീസ്‌. ചെമ്മാട് സികെ നഗര്‍ സ്വദേശി കെ പി അഷ്‌റഫിനാണ് അരൂരില്‍നിന്ന് നിയമലംഘനത്തിന് നോട്ടീസ് ലഭിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച സുഹൃത്തുക്കൾക്കൊപ്പം യാത്ര പോയ അഷ്‌റഫ് കെഎല്‍ 55 വൈ 5003 എന്ന നമ്പറിലുള്ള ബുള്ളറ്റ്‌ തിരൂരങ്ങാടി ബൈപാസ് റോഡില്‍ നിർത്തിയിട്ടിരുന്നു.

ബുധനാഴ്‌ച തിരിച്ചെത്തിയാണ്‌ വാഹനമെടുത്തത്‌. ഈ സമയം പിറകിലെ നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു. പിന്നാലെ വ്യാഴം പകല്‍ 11ന് ഇദ്ദേഹത്തിന്റെ ഫോണിലേക്ക് ആലപ്പുഴ അരൂരില്‍നിന്ന് നിയമലംഘനം നടത്തിയെന്നും പിഴ അടയ്‌ക്കണമെന്നും കാണിച്ച്‌ സന്ദേശം വന്നു. ഓൺലൈനിൽ പരിശോധിച്ചപ്പോൾ ബുള്ളറ്റിന്റെ നമ്പര്‍ ടിവിഎസ് അപ്പാച്ചി ബൈക്കിന് ഘടിപ്പിച്ചതായി ചിത്രവും കണ്ടു. പിറകിലിരിക്കുന്നയാൾ ഹെൽമറ്റില്ലാതെ പോകുന്ന ചിത്രമാണ്‌ കണ്ടത്‌. മോഷ്‌ടിച്ച നമ്പർ പ്ലേറ്റ്‌ ഇതിന്‌ ഘടിപ്പിച്ചതാകാമെന്ന്‌ കരുതുന്നു. സംഭവത്തിൽ അധികൃതർക്ക് പരാതി നല്‍കിയതായി അഷ്‌റഫ് പറഞ്ഞു.

Top