കന്യാസ്ത്രീ ആക്രമണം; പിയൂഷ് ഗോയലിന്റെ വാദം തെറ്റെന്ന് പിണറായി

തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്ര മന്ത്രി പിയുഷ് ഗോയലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കന്യാസ്തീകള്‍ ആക്രമിക്കപ്പെട്ടില്ലെന്ന പിയൂഷ് ഗോയലിന്റെ വാദം തെറ്റാണെന്ന് പിണറായി പറഞ്ഞു. കന്യാസ്ത്രീകളാണ് എന്ന ഒറ്റക്കാരണത്താല്‍ ആക്രമണം നടന്നു. അതിനെ കേന്ദ്രമന്ത്രി ന്യായീകരിക്കുകയാണെന്നും അക്രമികളെ വെള്ള പൂശുകയാണെന്നും പിണറായി വിമര്‍ശിച്ചു.

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആര്‍എസ്എസ് അജണ്ടയാണ് നടപ്പിലാക്കുന്നത്. അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ല എന്നതിന്റെ തെളിവാണ് പിയൂഷ് ഗോയലിന്റെ പ്രസ്താവന. എന്തിനാണ് മതം മാറ്റത്തിന് ശ്രമിക്കുന്നു എന്ന് പറഞ്ഞു കന്യാസ്ത്രീകളെ തടഞ്ഞുവച്ചത്? അക്രമികള്‍ക്ക് വെള്ള പൂശുകയാണോ കേന്ദ്രമന്ത്രി ചെയ്യേണ്ടത്? മതനിരപേക്ഷ ശക്തികള്‍ ഇതിനെ ചെറുക്കും. അതിന് കേരളം മുന്നിലുണ്ടാകുമെന്നും പിണറായി പറഞ്ഞു.

കോണ്‍ഗ്രസ് ബിജെപിക്കൊപ്പം ചേര്‍ന്ന് എല്‍ഡിഎഫിനെ ആക്രമിക്കാനാണ് താല്‍പര്യം കാണിക്കുന്നത്. വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ പൗരത്വ ഭേദഗതി നടപ്പിലാക്കും എന്ന് കേന്ദ്രം പറയുന്നു. നടപ്പാക്കില്ല എന്ന് തന്നെയാണ് കേരളത്തിന്റെ നിലപാട്. ജനം വലിയ പ്രതീക്ഷയിലും ആവേശത്തിലുമാണ്.

എല്‍ഡിഎഫിന് അനുകൂലമായ വലിയ ജനവികാരം എല്ലാ ജില്ലയിലും കാണുന്നു. 5 വര്‍ഷം മുന്‍പത്തേക്കാള്‍ ഉജ്ജ്വല വിജയം നേടും. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍ വരെ എല്ലാ ജനവിഭാഗങ്ങളിലും വലിയ സ്വീകാര്യതയാണ് എല്‍ഡിഎഫിനുള്ളത്. നേമത്തെ ബിജെപി അക്കൗണ്ട് ഞങ്ങള്‍ ക്ലോസ് ചെയ്യും. ബിജെപി വോട്ട് വിഹിതം കുറയും. പ്രകൃതിദുരന്തം പകര്‍ച്ചാവ്യാധി ഉണ്ടായില്ലായിരുന്നെങ്കില്‍ നമ്മള്‍ ഇതിലും മുന്നോട്ട് പോയേനെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Top