കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവം ; പിസി ജോര്‍ജിനെതിരെ കേസെടുത്തേക്കും

PC George

കോട്ടയം: കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പിസി ജോര്‍ജിനെതിരെ കേസെടുത്തേക്കും. അതേസമയം, അന്വേഷണ സംഘത്തിന് കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല. ഇന്ന് അസൗകര്യം ഉണ്ടെന്ന് കന്യാസ്ത്രീ വൈക്കം ഡിവൈഎസ്പിയെ അറിയിച്ചു.

കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ച വനിത കമ്മീഷനോട് യാത്രാ ബത്ത നല്‍കിയാല്‍ വരാമെന്ന് പി.സി.ജോര്‍ജ് പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ വരാന്‍ യാത്രാ ബത്ത വേണം. അല്ലെങ്കില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വരട്ടെയെന്നും പി.സി. ജോര്‍ജ് പ്രതികരിച്ചു.

ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോയെന്നും ജോര്‍ജ് ചോദിച്ചിരുന്നു.

കന്യാസ്ത്രീകളെ അപമാനിച്ച പി.സി.ജോര്‍ജ് എംഎല്‍എയോടു നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ച് ദേശീയ വനിതാ കമ്മിഷന്‍ സമന്‍സ് അയച്ചിരുന്നു. 20നു കമ്മീഷനു മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. അപമാനകരമായ പരാമര്‍ശമാണ് ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായതെന്നു കുറ്റപ്പെടുത്തിയ വനിതാ കമ്മിഷന്‍, മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജോര്‍ജിനെതിരെ സ്വമേധയാ കേസെടുത്തു. ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കേരള പൊലീസും പഞ്ചാബ് സര്‍ക്കാരും ഫലപ്രദമായി ഇടപെട്ടില്ലെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്‍കിയതായും വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.

അതേസമയം, കന്യാസ്ത്രീയുടെ കുടുംബം നീതി തേടി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കോടതിയെ സമീപിക്കുന്നത്. കേസ് പൊലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നാണ് കുടുബത്തിന്റെ ആരോപണം.

Top