കൊച്ചി: പീഡന പരാതിയില്‍ ജലന്ധര്‍ രൂപതാ അധ്യക്ഷനായിരുന്ന ഫ്രാങ്കോ മുളയ്ക്കലിലെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിച്ചതായി സേവ് സിസ്റ്റേഴ്‌സ് ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി. കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.
‘കന്യാസ്ത്രീമാരുടെ കണ്ണീരിന്റെ വിജയം’ എന്നാണ് അറസ്റ്റിനെ സമരസമിതി വിശേഷിപ്പിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിയോടെ കന്യാസ്ത്രീകളുടെ സാന്നിധ്യത്തില്‍വച്ച് സമരം അവസാനിപ്പിക്കും. കേസില്‍ വളരെ വൈകിയാണ് നീതി ലഭിച്ചതെങ്കിലും, നീതി ലഭിച്ചത്തില്‍ സന്തോഷമുണ്ടെന്നും ഇത് ജനങ്ങളുടെ പോരാട്ടത്തിന്റെ വിജയമാണെന്നും ഫാ. അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.
പൂര്‍ണ നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഫാദര്‍ അറിയിച്ചു. ഇതിനായി ഞായറാഴ്ച ചര്‍ച്ച സംഘടിപ്പിക്കും. ജനകീയ സമരങ്ങളുടെ നേതാക്കളടക്കം പങ്കെടുക്കുന്ന ചര്‍ച്ചയില്‍ സമരം എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്നതു സംബന്ധിച്ച് കാര്യങ്ങള്‍ പരിശോധിക്കും. സമരത്തിനായി മുന്നോട്ടിറങ്ങിയ കന്യാസ്ത്രീകളെ ഒരിക്കലും ഒറ്റപ്പെടുത്തില്ലെന്നും ഫാദര്‍ വ്യക്തമാക്കി.
ഇതിനിടെ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. അറസ്റ്റിനു പിന്നാലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് വൈദ്യപരിശോധന.
താങ്കളെ അറസ്റ്റ് ചെയ്യുകയാണെന്നും ഇനി നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും അന്വേഷണ സംഘം നേരത്തെ ബിഷപ്പിനെ അറിയിച്ചിരുന്നു ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ പ്രതികരണത്തില്‍ അന്വേഷണ സംഘം തൃപ്തരായിരുന്നില്ല. ബിഷപ്പിന്റെ മറുപടികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി ഫ്രാങ്കോ മുളക്കലിനെ അന്വേഷണസംഘം തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്ത് വരികയായിരുന്നു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴിയുടെയും കന്യാസ്ത്രീയുടെ മൊഴിയുടേയും അന്തിമ പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.