ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്; ഫാ ജെയിംസ് എർത്തയലിനെതിരെ കുറ്റപത്രം

കോട്ടയം: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ ബലാത്സംഗക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഫാ. ജെയിംസ് എര്‍ത്തയലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ച് പാലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പാരിതോഷികം വാഗ്ദാനം ചെയ്ത് സ്വാധീനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഫാ. ജെയിംസ് എര്‍ത്തയലിനെതിരെ ചുമത്തിയിരിക്കുന്നത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്.

കേസില്‍ നിന്ന് പിന്മാറിയാല്‍ പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്നായിരുന്നു ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്ക് ഒപ്പമുള്ള സിസ്റ്റര്‍ അനുപമയെ ഫോണില്‍ വിളിച്ച് എര്‍ത്തയിലിന്റെ വാഗ്ദാനം.

Top