സിസ്റ്റര്‍മാര്‍ക്കെതിരെ പരാതി നല്‍കി; ലൂസി കളപ്പുരയോട് വിശദീകരണം തേടി എഫ്സിസി

കല്‍പറ്റ: മഠത്തിലെ സിസ്റ്റര്‍മാര്‍ക്കെതിരെ പരാതി നല്‍കിയ സംഭവത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയോട് വിശദീകരണം തേടി എഫ്‌സിസി (ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം) കോണ്‍ഗ്രിഗേഷന്റെ കത്ത്.

പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ച് മാപ്പ് പറയാത്ത പക്ഷം സിസ്റ്റര്‍ ലൂസിക്കെതിരെ നിയമപടി എടുക്കുമെന്നാണ് മഠത്തിലെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. ജ്യോതി മരിയ അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും എഫ്‌സിസി ആവശ്യപ്പെട്ടു.

വഞ്ചി സ്‌ക്വാറില്‍ കന്യാസ്ത്രീകള്‍ സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്തതിനല്ല സിസ്റ്റര്‍ക്കെതിരെ സഭ നടപടി സ്വീകരിച്ചതെന്നും സഭയില്‍ നിന്ന് പുറത്താക്കിയതിനുള്ള യഥാര്‍ത്ഥ കാരണം വിശദീകരിക്കുന്ന 19 പേജുള്ള കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ തങ്ങളെ ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ടു നിര്‍ബന്ധിതരാക്കരുതെന്നും കത്തില്‍ പറയുന്നുണ്ട്.

മഠത്തില്‍ വെച്ച് എന്തും ചെയ്യാനുള്ള അനുവാദം സിസ്റ്റര്‍ക്കില്ല. സിസ്റ്ററെ മഠത്തില്‍ പൂട്ടിയിട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട ലോക്കല്‍ സുപ്പീരിയര്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ച് എഫ്‌സിസിയോട് മാപ്പ് പറയണം. അല്ലെങ്കില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് സിസ്റ്റര്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷനില്‍ പരാതി നല്‍കും, കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top