ബിഷപ്പ് ഫ്രാങ്കോയാണ് ജലന്ധര്‍ രൂപത നിയന്ത്രിക്കുന്നതെന്ന് സംശയമുണ്ടെന്ന് കന്യാസ്ത്രീകള്‍

കോട്ടയം: മഠം വിട്ട് പോകില്ലെന്നും ബിഷപ്പ് ഫ്രാങ്കോ തന്നെയാണ് ഇപ്പോഴും ജലന്ധര്‍ രൂപത നിയന്ത്രിക്കുന്നതെന്ന് സംശയമുള്ളതായും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് ജലന്ധര്‍ രൂപത പിആര്‍ഒ പീറ്റര്‍ കാവുംപുറംഅറിയിച്ചിരുന്നു.

കന്യാസ്ത്രീകളുടെ ആഭ്യന്തര വിഷയങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇടപെടാറില്ല. കന്യാസ്ത്രീകളെ അവരവരുടെ മഠത്തിലേക്ക് തിരികെ വിളിക്കുകയാണ് ചെയ്തത്. അനുവാദമില്ലാതെയാണ് കന്യാസ്ത്രീകള്‍ കുറവിലങ്ങാട്ടേക്ക് പോയതെന്നും രൂപത വ്യക്തമാക്കിയിരുന്നു.

ബിഷപ്പ് തെറ്റ് ചെയ്തിട്ടുണ്ടോയെന്ന് കോടതിയാണ് തീര്‍പ്പാക്കേണ്ടതെന്നും വാര്‍ത്താക്കുറിപ്പില്‍ ജലന്ധര്‍ രൂപത വ്യക്തമാക്കി.

നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നല്‍കിയ ബലാത്സംഗക്കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ ജലന്ധര്‍ രൂപത അനുമതി നല്‍കിയതായി സേവ് അവര്‍ സിസ്റ്റേഴ്‌സ് (എസ്ഒഎസ്) കോട്ടയം കൂട്ടായ്മ സംഘടിപ്പിച്ച സമ്മേളനത്തില്‍ സിസ്റ്റര്‍ അനുപമ വെളിപ്പെടുത്തിയിരുന്നു. ജലന്ധര്‍ രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ ഇക്കാര്യം അറിയിച്ചതായും സിസ്റ്റര്‍ അനുപമ പറഞ്ഞിരുന്നു.

സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീമാരെ സ്ഥലം മാറ്റിയതിനെതിരെ വലിയ പ്രതിഷേധമാണുണ്ടായത്. കുറവിലങ്ങാട് മഠത്തില്‍ നിന്നുള്ള കന്യാസ്ത്രീമാരെ ജലന്ധര്‍ ഉള്‍പ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റിയായിരുന്നു സഭ പ്രതികാര നടപടിയെടുത്തത്.

എന്നാല്‍ നടപടി വന്‍ വിവാദമായതോടെയാണ് സ്ഥലം മാറ്റ ഉത്തരവ് തല്‍ക്കാലം രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ മരവിപ്പിച്ചത്. കേസ് അവസാനിപ്പിക്കുന്നത് വരെ മഠത്തില്‍ തുടരാമെന്ന് അറിയിച്ചതായും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി.

സിസ്റ്റര്‍ അനുപമ അടക്കം സമര രംഗത്തുണ്ടായിരുന്ന നാല് കന്യാസ്ത്രീകള്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

സമ്മേളനത്തിനിടെ ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ ബാനറുകളുമായി കന്യാസ്ത്രീകള്‍ക്കെതിരെ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതേ തുടര്‍ന്നു ഇരു വിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും പരസ്പരം മുദ്രാവാക്യം വിളികളും നടന്നു. പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

Top