കോട്ടയം: സമരം ചെയ്ത കന്യാസ്ത്രീകള്‍ കുറവിലങ്ങാട് മഠത്തില്‍ തുടരും. ഇതിനുള്ള അനുമതി ലഭിച്ചെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നല്‍കിയ ബലാത്സംഗക്കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട്ട് മഠത്തില്‍ തുടരാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ജലന്ധര്‍ രൂപതയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
കോട്ടയത്ത് നടക്കുന്ന സേവ് ഔവര്‍ സിസ്റ്റേഴ്‌സ് പ്രതിഷേധ കണ്‍വെന്‍ഷനിലാണ് സിസ്റ്റര്‍ അനുപമ ഇക്കാര്യം വെളിപ്പെടുത്തിയത്. നീതി കിട്ടുന്നതു വരെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നും സിസ്റ്റര്‍ അറിയിച്ചു.
സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീമാരെ സ്ഥലം മാറ്റിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. കുറവിലങ്ങാട് മഠത്തില്‍ നിന്നുള്ള കന്യാസ്ത്രീമാരെ ജലന്ധര്‍ ഉള്‍പ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കായിരുന്നു മാറ്റിയത്. എന്നാല്‍ നടപടി വന്‍ വിവാദമായതോടെയാണ് സ്ഥലംമാറ്റ ഉത്തരവ് രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ മരവിപ്പിച്ചത്.