കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതിഷേധം നയിച്ച കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള തീരുമാനത്തെ എതിര്‍ത്ത് കോട്ടയത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാന്‍ തീരുമാനം. സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സമരം ചെയ്ത കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ, ജോസഫൈന്‍, ആല്‍ഫി, നീന റോസ് എന്നിവരെയാണ് വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റിയെന്ന് അറിയിച്ചിരുന്നത്. മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ റജീന കടംതോട്ടാണ് ഉത്തരവ് ഇറക്കിയത്. ഇതിന് തയ്യാറാവാതെ മഠത്തില്‍ തുടര്‍ന്ന കന്യാസ്ത്രീകള്‍ക്ക് വീണ്ടും താക്കീതുകള്‍ ലഭിച്ചതോടെയാണ് സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
കന്യാസ്ത്രീകള്‍ക്കെതിരായ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കണ്‍വെന്‍ഷന്‍. കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തില്‍ തന്നെ സംരക്ഷിക്കാന്‍ രൂപത തയ്യാറാകണം എന്നതാണ് മറ്റൊരു പ്രധാന ആവശ്യം.