ഡല്‍ഹിയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ള നഴ്‌സുമാരെ ജോലിയില്‍ പ്രവേശിപ്പിക്കാനുള്ള നീക്കം പിന്‍വലിച്ചു

ന്യൂഡല്‍ഹി: കൊവിഡ് നിരീക്ഷണത്തിലുള്ള നഴ്‌സുമാരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ നീക്കം പിന്‍വലിച്ചു. കൊവിഡ്
രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ള ഡല്‍ഹി ബത്ര ആശുപത്രിയിലെ നഴ്‌സുമാരെയാണ് ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാനുള്ള ആശുപത്രി അധികൃതരുടെ തീരുമാനം പിന്‍വലിച്ചത്. നാളെ നഴ്‌സിംഗ് സംഘടനയുമായി അധികൃതര്‍ ചര്‍ച്ച നടത്തും.

ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗവ്യാപനം തടയാന്‍ നടപടികളില്ലെന്ന പരാതിക്കിടെയാണ് ഡല്‍ഹിയിലെയെ രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കെതിരെ മലയാളികള്‍ ഉള്‍പ്പടെയുള്ള നഴ്‌സുമാര്‍ രംഗത്തെിയത്. ആദ്യ ഫലം നെഗറ്റീവാണെന്ന് കാരണം പറഞ്ഞാണ് ബാത്ര ആശുപത്രിയില്‍ നീരിക്ഷണത്തിലുള്ള നഴ്‌സുമാരെ ജോലിക്ക് തിരികെ വിളിച്ചത്. പലര്‍ക്കും രോഗം ലക്ഷണങ്ങള്‍ ഉണ്ടെന്നിരിക്കെ രണ്ടാമത്തെ പരിശോധനക്ക് സാമ്പിളുകള്‍ അയക്കുന്നില്ലെന്നായിരുന്നു ഇവരുടെ പരാതി.

അതേസമയം, ഡല്‍ഹി മജീദിയ ആശുപത്രിയില്‍ കൊവിഡ് രോഗികളുമായി ഇടപഴകിയ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇരുപത് ആരോഗ്യപ്രവര്‍ത്തകരെ നീരീക്ഷണത്തിലാക്കാതെ ജോലി എടുപ്പിക്കുന്നു എന്നും പരാതിയുണ്ട്. നാല് മലയാളി നഴ്‌സുമാരാണ് ഈ കൂട്ടത്തില്‍ ഉള്ളത്. സാമ്പിളുകള്‍ പരിശോധനക്ക് അയക്കാന്‍ ആശുപത്രി മാനേജ്‌നമെന്റ് ഇതുവരെ നടപടി സ്വീകരിച്ചിട്ടുമില്ലെന്നാണ് നഴ്‌സുമാരുടെ ആരോപണം. നടപടി ആവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇന്ത്യന്‍ പ്രഫഷണല്‍ നഴ്‌സ് അസോസിയേഷന്‍ പരാതി അയച്ചു.

കൊല്‍ക്കത്തയിലെ നാരായണ ആശുപത്രിക്കെതിരെയും സമാനമായ പരാതിയുണ്ട്. സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിക്കാതെ രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്ന നഴ്‌സുമാരെ ഹോസ്റ്റലിലേക്ക് നീരീക്ഷണത്തിന് പറഞ്ഞയച്ചതോടെ ഇവിടെ ഒമ്പത് പേരാണ് രോഗികളായത്.

Top