കൊച്ചി: നഗരത്തിലെ പ്രമുഖ ഹോസ്പിറ്റലിലെ നഴ്‌സ് ജിഷ മോഡല്‍ പീഡനത്തിനിരയായതായ വാര്‍ത്ത സംബന്ധിച്ച് ഇന്റലിജന്‍സ് മേധാവി ആര്‍ ശ്രീലേഖയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
ഇതുസംബന്ധമായി വാര്‍ത്ത നല്‍കിയ പത്രപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ടാണ് ശ്രീലേഖ വിശദാംശങ്ങള്‍ ആരാഞ്ഞത്. പ്രമുഖ നഴ്‌സിങ്ങ് സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷായുമായും എഡിജിപി ഫോണില്‍ സംസാരിച്ച് വിശദാംശങ്ങള്‍ തേടി.
പുറത്ത് വന്ന പീഡനത്തെ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയ്ക്ക് പരാതി നല്‍കിയിരുന്നു.
ജിഷ കേസുമായി ബന്ധപ്പെട്ട് പ്രതിയെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ലെന്നിരിക്കെ ഇതിന് സമാനമായ രൂപത്തില്‍ പീഡനം നടന്നുവെന്ന വാര്‍ത്തയെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്.
ശ്രീലേഖയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെന്ന് കണ്ടാല്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം.
നഴ്‌സ് താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയില്‍വേ ട്രാക്കിന് സമീപത്ത് വെച്ച് ബലാത്സംഗത്തിനിരയായെന്നും, അതല്ല ആശുപത്രിക്കകത്ത് തന്നെ ബലാത്സംഗത്തിനിരയായെന്നുമുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ആശുപത്രി അധികൃതര്‍ സംഭവം മൂടിവച്ചതായാണ് ഉയര്‍ന്നു വരുന്ന ആക്ഷേപം.
കഴിഞ്ഞ ഒരാഴ്ചയായി ഭരണകക്ഷിയായ സിപിഎം അനുകൂല കൈരളി ഓണ്‍ലൈനിലടക്കം വ്യാപകമായ രൂപത്തിലാണ് പീഡന സംബന്ധമായ വാര്‍ത്ത പുറത്ത് വന്നിരുന്നത്. സോഷ്യല്‍മീഡിയകളില്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട പ്രതിഷേധവും ശക്തമാണ്.