ആലപ്പുഴ: ആലപ്പുഴ കെവിഎം ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിതകാല സമരം 54 ദിവസം പിന്നിട്ടു.
ഓഗസ്റ്റ് മാസം 21നാണ് കെവിഎം ആശുപത്രി സ്റ്റാഫ് നഴ്‌സുകള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല സമരം തുടങ്ങിയത്.
അത്യാഹിത വിഭാഗത്തിലേയും ഐസിയു, ഡയാലിസിസ് യൂണിറ്റുകളിലെയും നഴ്‌സിംഗ് ജീവനക്കരെ ഒഴിവാക്കിക്കൊണ്ടാണ് സമരം ആരംഭിച്ചത്.
പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കുക, സേവന വേതന വ്യവസ്ഥ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുക, ത്രീ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുക, താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളായിരുന്നു ഇവര്‍ പ്രധാനമായും മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നത്.
മാനേജ്‌മെന്റ് അധികൃതര്‍ പിടിവാശി തുടരുന്നതിനാല്‍ കഴിഞ്ഞ നാല് ദിവസമായി അനിശ്ചിതകാല നിരാഹാരവും തുടരുകയാണ്.
എന്നാല്‍, സമരം തുടരുന്നതോടെ പ്രതികാര നടപടിയായി മാനേജ്‌മെന്റ് കൂടുതല്‍ നഴ്‌സുമാരെ പിരിച്ച് വിടുകയും ചെയ്തു. പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് സമരം സെക്രട്ടേറിയേറ്റ് പടിക്കലേക്ക് മാറ്റാനാണ് തീരുമാനം.
ജില്ലയില്‍ നാല് മന്ത്രിമാരുണ്ടായിട്ടും നഴ്‌സുമാരുടെ ഈ സമരത്തെ അനുഭാവപൂര്‍വ്വം കണ്ട് തുടര്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കാന്‍ ആരും തയ്യാറായിട്ടില്ല.
അതേസമയം, സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രദേശത്തെ വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ഇന്ന് പണിമുടക്കുകയാണ്.