നഴ്സറി പ്രവേശനത്തിനുപോലും വന്‍ തുക കോഴ വാങ്ങുന്ന മാനേജ്‌മെന്റുകള്‍ വിലസുന്ന കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കണ്ട് പഠിക്കണം ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ.
മാനേജ്‌മെന്റ് ക്വാട്ടയ്ക്ക് പകരം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് (EWS) സംവരണം ഏര്‍പ്പെടുത്തി കൊണ്ടാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ അഴിമതിക്ക് പുതിയ അദ്ധ്യയന വര്‍ഷം മുതല്‍ ഡല്‍ഹിയില്‍ റെഡ് സിഗ്നല്‍ ഉയരുമ്പോള്‍ അത് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
പൊതു സ്‌കൂളുകളില്‍ 75 ശതമാനം പ്രവേശനങ്ങള്‍ പൊതുവിഭാഗത്തിലായിരിക്കുമെന്നും സാമ്പത്തിക പിന്നോക്ക സംവരണമല്ലാതെ അവിടെ വേറെ ഒരു ക്വാട്ടയും മേലില്‍ ഉണ്ടായിരിക്കുന്നതല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവ് ലംഘിച്ചാല്‍ വിദ്യാലയങ്ങളുടെ അനുമതി തന്നെ റദ്ദാക്കും.
മാനേജ്‌മെന്റ് ക്വാട്ടയ്ക്ക് പുറമെ സഹോദര ക്വാട്ട, പൂര്‍വ്വ വിദ്യാര്‍ത്ഥി ക്വാട്ട എന്നിങ്ങനെ വിചിത്രമായ പല ക്വാട്ടകളാണ് ഡല്‍ഹിയിലുണ്ടായിരുന്നത്.
മാതാപിതാക്കള്‍ വെജിറ്റേറിയനോ- നോണ്‍ വെജിറ്റേറിയനോ, പുകവലിക്കാത്തവരാണോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണോ തുടങ്ങി പലതും മാനേജ്‌മെന്റ് മാനദണ്ഡമാക്കിയിരുന്നു.
പാവപ്പെട്ടവര്‍ക്ക് മികച്ച വിദ്യാഭ്യാസം അന്യമാക്കുന്ന ഈ പ്രാകൃത നടപടിക്കാണ് ഇപ്പോള്‍ കെജ്‌രിവാള്‍ മൂക്ക് കയറിട്ടിരിക്കുന്നത്.
ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ആം ആദ്മി സര്‍ക്കാരിന്റെ മറ്റൊരു നേട്ടം കൃഷിഭൂമിയുടെ മൊത്തവില പുനര്‍ നിര്‍ണ്ണയിച്ചു നല്‍കി എന്നതാണ്.
2015-16 ബജറ്റ് സമയത്ത് ഭൂമി വില ഏക്കറിന് 53 ലക്ഷത്തിന് പകരം 3.5 കോടിയായി വര്‍ദ്ധിപ്പിച്ച് കൊണ്ടാണ് പദ്ധതി നടപ്പാക്കിയത്. ഇതുപ്രകാരം ഭൂമിയേറ്റെടുക്കുന്ന കര്‍ഷകര്‍ക്ക് മികച്ച വിലയാണ് ഉറപ്പാക്കാനായത്.
ഭൂമി കൈമാറ്റത്തിലൂടെ മറിയുന്ന കോടിക്കണക്കിന് കള്ളപ്പണത്തിന് തടയിടാന്‍ ഇതുവഴി സാധിച്ചിരുന്നു.
ഡല്‍ഹി നഗരത്തിലെ മാര്‍ക്കറ്റ് വിലയും ഏറ്റെടുക്കുന്ന സമയത്ത് ലഭിക്കുന്ന കൃഷി ഭൂമിയുടെ വിലയും തമ്മില്‍ വലിയ അന്തരമായിരുന്നു നേരത്തെ നിലനിന്നിരുന്നത്.
കഴിഞ്ഞ വര്‍ഷം കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് 36 കോടി രൂപയാണ് ഡല്‍ഹി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്. 40,000 കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.
വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതനം 4.5 ശതമാനം വര്‍ദ്ധിപ്പിച്ചതുവഴി ഒരു ലക്ഷത്തിലധികം പേര്‍ക്ക് നേട്ടവുമുണ്ടായി.
അവിദഗ്ധ തൊഴിലാളികള്‍ക്ക് മാസവേതനം 9048 ആക്കി ഉയര്‍ത്തി മിനിമം വേതനം ദിവസം 348 രൂപയാക്കിയും വര്‍ദ്ധിപ്പിച്ചു. നേരത്തെ 332 രൂപയായിരുന്നു. അര്‍ധ വിദഗ്ധ തൊഴിലാളികളുടെ മാസവേതനം 10,010 രൂപയും ദിവസവേതനം 385 രൂപയില്‍ നിന്ന് 423 രൂപയാക്കിയും വര്‍ദ്ധിപ്പിച്ചു.
ദില്ലി സ്വാവലംബന്‍ യോജന എന്ന പേരില്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഒരു ദേശീയ പെന്‍ഷന്‍ സ്‌കീമും കെജ്‌രിവാള്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ആഭ്യന്തര തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വത്തെ ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.
ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, വഴിവാണിഭക്കാര്‍ തുടങ്ങിയവര്‍ക്കാണ് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിച്ചത്.
സ്ത്രീ സുരക്ഷയ്ക്കായി 10,000 കരുത്തരായ ഹോം ഗാര്‍ഡുകളെ ഏര്‍പ്പെടുത്തുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ അയ്യായിരം പേരെ തന്നെ നിയോഗിക്കാന്‍ കഴിഞ്ഞു. തെരുവുകളിലും ബസ്സുകളിലും വ്യാപകമായി സി.സി.ടി.വികളും സ്ഥാപിച്ചു.
ഡല്‍ഹി ബസ് പീഡനത്തിന്റെ പശ്ചാത്തലത്തില്‍ വാഹനത്തിന്റെ ഗതിയറിയാന്‍ ജി.പി.എസ്, സി.സി.ടി.വി ക്യാമറകള്‍ എല്ലാ പൊതു ഗതാഗത വാഹനങ്ങളിലും ഏര്‍പ്പെടുത്തിയതും സര്‍ക്കാരിന്റെ നേട്ടമാണ്.
അന്തരീക്ഷ മലിനീകരണം വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ നടപ്പാക്കിയ കാര്‍ഫ്രീ ഡേ വന്‍ വിജയമായത് സര്‍ക്കാരിനോടുള്ള ജനങ്ങളുടെ സമീപനത്തിന്റെ ഉദാഹരണം കൂടിയായിരുന്നു.ആയിരക്കണക്കിന് പേരാണ് സര്‍ക്കാരിന്റെ ആഹ്വാനമനുസരിച്ച് സ്വന്തം കാറുകള്‍ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തിയിരുന്നത്.
വൈദ്യുതി – വെള്ളം നിരക്കുകള്‍ കുത്തനെ കുറക്കുക മാത്രമല്ല തെറ്റായി ഓടുന്ന വൈദ്യുത പവര്‍ മീറ്ററുകള്‍ റദ്ദാക്കുകയും ഉപഭോക്താവിന് അവര്‍ക്കിഷ്ടമുള്ള കുടിവെള്ള മീറ്ററുകള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയും സര്‍ക്കാര്‍ ജനങ്ങളെ ഞെട്ടിച്ചു.
രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും അത്ഭുതമാണ് ആംആദ്മി പാര്‍ട്ടിയുടെ ഈ ജനകീയ സര്‍ക്കാര്‍. പേര് പോലെ തന്നെ സാധാരണക്കാരുടെ സര്‍ക്കാര്‍… രാജ്യത്തെ വിവിധ സംസ്ഥനങ്ങളിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതും ഇതുപോലൊരു സര്‍ക്കാരാണ്.