കേരളം ഇപ്പോള്‍ മരണ ഭീതിയിലാണ് . . വായുവില്‍ കൂടി പോലും നിപ്പാ വൈറസ് പടരുമെന്ന് കേന്ദ്ര സംഘം വ്യക്തമാക്കിയതോടെ വിറങ്ങലിച്ചിരിക്കുകയാണ് ജനങ്ങള്‍.
കോഴിക്കോട് പേരാമ്പ്രയില്‍ തുടങ്ങിയ വൈറസ് ബാധ മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിക്കുമെന്ന മുന്നറിയിപ്പ് വലിയ ഭീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പത്തു പേര്‍ ഇതിനകം മരിച്ചു കഴിഞ്ഞു. ഏഴു പേര്‍ അപകട സ്ഥിതിയിലാണ്.
പനി പിടിച്ച് ആശങ്കകളോടെ ആശുപത്രിയില്‍ എത്തുന്നവരെ പരിചരിക്കുന്നതിനിടയില്‍ ‘രക്തസാക്ഷി’യായ ലിനി മനുഷ്യ മന:സാക്ഷിക്ക് മുന്നില്‍ ഒരു പാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഭര്‍ത്താവും ആറുവയസ്സും രണ്ടു വയസ്സുമുള്ള രണ്ടു മക്കളും ഉണ്ട് ലിനിക്ക്.
കരാര്‍ ജീവനക്കാരിയായ ലിനിക്കുവേണ്ടി കൂടിയാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നഴ്‌സിങ്ങ് സമരം നടത്തിയത്.
ഈ സമരത്തില്‍ ഉന്നയിച്ച ആവശ്യങ്ങളോട് രാജ്യത്തെ പരമോന്നത നീതിപീഠം കരുണ കാണിച്ച ആ നല്ല വാര്‍ത്ത അറിയുന്നതിനു മുന്‍പാണ് ലിനി ജീവിതത്തോട് വിട പറഞ്ഞത്.
മുന്‍മ്പൊരിക്കല്‍ പോലും കാണാത്ത കണ്ണുകളിലെ ‘കണ്ണുനീര്‍’ അര്‍പ്പണ ബോധത്തോടെ ഒപ്പിയെടുത്തപ്പോഴാണ് വിധിയുടെ ക്രൂരത അവളുടെ ജീവനും എടുത്തത്.
വൈറസ് ബാധ ഉണ്ടാകുമെന്നതിനാല്‍ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് അവസാനമായി അമ്മയുടെ മുഖം പോലും കാണാന്‍ അവസരമുണ്ടാകാതെ കത്തിച്ചു കളയേണ്ടി വന്ന സംഭവം ആരുടെയും കരളലിയിക്കുന്നതാണ്.
ഈ ദുരന്തമുഖത്ത് നിന്നു കൊണ്ട് തന്നെ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണ് നഴ്‌സുമാരോട് ആശുപത്രി മാനേജുമെന്റുകള്‍ കാണിക്കുന്ന ക്രൂരതയും, പണം അടക്കാന്‍ ഇല്ലാത്തതിനാല്‍ വൈറസ് ബാധയേറ്റ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി അധികൃതര്‍ കാണിച്ച ചെറ്റത്തരവും.
ഡോക്ടറേക്കാള്‍ കൂടുതല്‍ ഇത്തരം ഘട്ടങ്ങളില്‍ റിസ്‌ക്ക് എടുക്കുന്നവര്‍ നഴ്‌സുമാരാണ്. അവര്‍ ഇവിടെ സമരം ചെയ്തതും ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി മാത്രമായിരുന്നു.
കഴുത്തറപ്പന്‍ ബില്ല് കൊടുത്ത് രോഗികളെ ‘കൊല്ലാക്കൊല്ല’ ചെയ്യുന്ന ആശുപത്രി ഉടമകള്‍ അവരുടെ തനി സ്വഭാവം നഴ്‌സുമാരോട് മാത്രമല്ല, ഇപ്പോള്‍ വൈറസ് ബാധിച്ച രോഗിയോട് പോലും കാണിച്ചിരിക്കുകയാണ്.
സുപ്രീം കോടതി തിങ്കളാഴ്ച വേതന കാര്യത്തില്‍ നഴ്‌സുമാര്‍ക്ക് അനുകൂലമായി എടുത്ത നിലപാടിനെ പോലും അട്ടിമറിക്കാന്‍ സ്വകാര്യ ആശുപത്രി ഉടമകള്‍ അണിയറയില്‍ ശ്രമിക്കുന്ന വാര്‍ത്തയും ഇപ്പോള്‍ പുറത്തു വന്നു കഴിഞ്ഞു.
ഈ സാഹചര്യത്തില്‍ ഇക്കാര്യങ്ങളെല്ലാം പൊതു സമൂഹം ഗൗരവമായി ചര്‍ച്ച ചെയ്യുക തന്നെ വേണം. തങ്ങളുടെ പ്രദേശങ്ങളിലെ ആശുപത്രി ഉടമകളെ നിലക്ക് നിര്‍ത്താനും നഴ്‌സുമാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം വാങ്ങിക്കൊടുക്കാനും ജനങ്ങള്‍ തന്നെ ഇനി തെരുവിലിറങ്ങണം.
ഭൂമിയിലെ മാലാഖമാരുടെ കണ്ണുനീര്‍ ഭൂമിയില്‍ വീഴുന്നത് കനത്ത പ്രത്യാഘാതമാണുണ്ടാക്കുക എന്ന തിരിച്ചറിവ് ലിനിയുടെ രക്തസാക്ഷിത്വത്തോടെയെങ്കിലും നമുക്കുണ്ടാകണം.
ആശുപത്രി ഉടമകളുടെ വക്കാലത്ത് എടുക്കുന്ന രാഷ്ട്രീയക്കാര്‍ ഓര്‍ക്കണം മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി രക്തസാക്ഷിത്വം വഹിച്ചത് ആശുപത്രി ഉടമയല്ല, ഒരു നഴ്‌സാണ്.
സ്വന്തം കുടുംബത്തെ നോക്കുന്നതിനേക്കാള്‍ ജാഗ്രതയോടെ രോഗികളെ നോക്കുന്നവരാണ് നഴ്‌സുമാര്‍. നഴ്‌സിങ്ങ് പഠനത്തിന് ബാങ്കില്‍ നിന്നും എടുത്ത വായ്പ പോലും തിരിച്ചടക്കാന്‍ കഴിയാതെയാണ് ലിനി വിടവാങ്ങിയത്.
ഇനി സര്‍ക്കാരിനോട് . . വ്യാജമദ്യം കഴിച്ച് മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് പോലും പത്തുലക്ഷം കൊടുക്കുന്ന പതിവുള്ള ഈ നാട്ടില്‍ ഈ യഥാര്‍ത്ഥ രക്തസാക്ഷിയുടെ കുടുംബത്തിന് എന്തു നല്‍കുമെന്ന് അറിയാന്‍ ഞങ്ങള്‍ക്കും താല്‍പര്യമുണ്ട്.
നിരവധി മാസങ്ങളായി ചേര്‍ത്തലയിലെ കെ.വി.എം ആശുപത്രിയിലെ നഴ്‌സുമാരും സമരത്തിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ ഒരു വൈറല്‍ രോഗത്തില്‍ അനവധി പേര്‍ മരണപ്പെട്ട പ്രദേശമാണിത്. ജനങ്ങളുടെ ജീവന്‍ കൊണ്ടു കളിക്കാന്‍ ആശുപത്രി മാനേജുമെന്റിനെ അനുവദിക്കാതെ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
Team express Kerala