തിരുവനന്തപുരം: ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് അനിശ്ചിതകാല സമരം നടത്തുന്ന നഴ്‌സുമാരുമായി തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ സര്‍ക്കാരിന് കൈമാറി.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത തിങ്കള്‍ മുതല്‍ ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് സമരം വ്യാപിപ്പിക്കാനായിരുന്നു നഴ്‌സുമാരുടെ തീരുമാനം. അതിനായി ആശുപത്രി അധികൃതര്‍ക്കു നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചതിനാല്‍ എട്ടാം തീയതി നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റി വച്ചു. എന്നാല്‍ പത്തിന് നടത്തുന്ന ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
അടിസ്ഥാന ശമ്പളമായി 21000 രൂപ ലഭിക്കണമെന്ന നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത്തരത്തിലുള്ള വര്‍ധന സ്ഥാപനത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നുമാണ് മാനേജ്‌മെന്റിന്റെ വാദം. ലേബര്‍ കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടതോടെ മന്ത്രിതല ചര്‍ച്ചകള്‍ ഒരുങ്ങുകയായിരുന്നു.
കണ്ണൂര്‍ കൊയിലി, ധനലക്ഷ്മി, ആശിര്‍വാദ്, സ്‌പെഷ്യാലിറ്റി, തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രി എന്നിവിടങ്ങളിലെ നഴ്‌സുമാരാണ് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം നടത്തുന്നത്.
സംസ്ഥാനത്ത് പനി വ്യാപകമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമരത്തില്‍ നിന്നു പിന്‍മാറണമെന്ന ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ ആവശ്യം നഴ്‌സുമാര്‍ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ സഹരിക്കുമെന്നും നഴ്‌സുമാര്‍ നേരത്തെ തന്നെ അറിയിക്കുകയുണ്ടായി.
സമരം ആശുപത്രിയെ സാരമായി ബാധിച്ചു എന്നതിനാല്‍ പുതുതായി രോഗികളെ കിടത്തി ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല.