കൊച്ചി: നഴ്‌സുമാര്‍ അടക്കമുള്ള ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിന് വിജ്ഞാപനമിറക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതിയില്‍ നിന്നും ആശുപത്രി ഉടമകള്‍ക്ക് കിട്ടിയത് ‘ഇരുട്ടടി’
ശബളം കൂട്ടികൊടുക്കുന്നതിന് മാത്രമല്ല, നഴ്‌സുമാര്‍ സമരം ചെയ്യുന്നതിനും അനുകുലമായാണ് ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്.
ശബള പരിഷ്‌ക്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നഴ്‌സിങ്ങ് സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പൊളിക്കുന്നതിനു വേണ്ടിയാണ് സമരം നിരോധിച്ച് കൊണ്ടുള്ള വിധി ഹൈക്കോടതിയില്‍ നിന്നും നേരത്തെ ആശുപത്രി ഉടമകള്‍ സമ്പാദിച്ചിരുന്നത്.
ഈ മുന്‍ ഉത്തരവിനെ യു.എന്‍.എ ശക്തമായി കോടതിയില്‍ ചോദ്യം ചെയ്തതോടെയാണ് വസ്തുതകള്‍ മനസ്സിലാക്കി താല്‍ക്കാലിക നിരോധാനം ഹൈക്കോടതി എടുത്ത് കളഞ്ഞത്. ഇനി ആശുപത്രി ഉടമകള്‍ ‘ഓവര്‍ സ്മാര്‍ട്ടായാല്‍’ വിവരമറിയുമെന്നാണ് നഴ്‌സുമാര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ചേര്‍ത്തല കെ.വി.എം ആശുപത്രി സമരം ഇനി കൂടുതല്‍ ശക്തമാക്കാനാണ് യു.എന്‍.എയുടെ തീരുമാനം. എട്ട് മാസത്തോളമായി സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കു വേണ്ടിയും ഇനി നിയമ പോരാട്ടവും ശക്തമാക്കുമെന്ന് യു.എന്‍.എ അഖിലേന്ത്യ പ്രസിഡന്റ് ജാസ്മിന്‍ഷ വ്യക്തമാക്കി.
ശമ്പളം പരിഷ്‌കരിച്ച് വിജ്ഞാപനമിറക്കാന്‍ സര്‍ക്കാരിന് തടസ്സമില്ലെന്ന് ചൊവ്വാഴ്ച ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മാനേജ്‌മെന്റുകളുടെ ഹര്‍ജിയെ തുടര്‍ന്ന് അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് കോടതി നേരത്തേ സ്റ്റേ നല്‍കിയിരുന്നു.
ആശുപത്രി മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാം. അന്തിമ വിജ്ഞാപനം വന്ന ശേഷം മാനേജ്‌മെന്റുകള്‍ക്ക് വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇതിനിടെയും ആവശ്യമെന്നു തോന്നിയാല്‍ രമ്യമായ ഒത്തുതീര്‍പ്പിനും സര്‍ക്കാരിനു ശ്രമം നടത്താം. അന്തിമ വിജ്ഞാപനം ഇറങ്ങുമ്പോള്‍ അതു സംബന്ധിച്ച് ആക്ഷേപമുണ്ടെങ്കില്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് അതു ചോദ്യം ചെയ്യാന്‍ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.
ഏറ്റവും കുറഞ്ഞ ശമ്പളം 20000 രൂപയായി നിശ്ചയിക്കുന്നതാണ് സുപ്രീംകോടതി സമിതി മുന്നോട്ട് വെച്ചിരിക്കുന്ന മാര്‍ഗനിര്‍ദേശം. ശമ്പള പരിഷ്‌ക്കരണത്തിനുള്ള സ്റ്റേ നീക്കിയതോടെ ഈ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള വിജ്ഞാപനമാകും സര്‍ക്കാര്‍ ഇനി പുറത്തിറക്കുകയെന്നാണ് സൂചന