നഴ്സിംഗ് കോളജുകള്‍ക്ക് നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരം വേണ്ട: സുപ്രീം കോടതി

supreame court

ന്യൂഡല്‍ഹി: രാജ്യത്തെ നഴ്സിംഗ് കോളജുകള്‍ക്ക് അംഗീകാരം ഇല്ലാതാക്കുന്നതിനോ നല്‍കുന്നതിനോ ഉള്ള അധികാരം ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന് ഇല്ലെന്ന് സുപ്രീം കോടതി.

കോളജുകള്‍ക്കു അംഗീകാരം ഉണ്ടെന്നോ ഇല്ലെന്നോ സംബന്ധിച്ച വിവരങ്ങള്‍ നഴ്സിംഗ് കൗണ്‍സില്‍ തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചു.

കര്‍ണാടകയിലെ മിക്ക നഴ്സിംഗ് കോളജുകള്‍ക്കും അംഗീകാരമില്ലെന്ന നഴ്സിംഗ് കൗണ്‍സിലിന്റെ ഉത്തരവിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ രോഹിന്‍ടണ്‍ നരിമാന്‍, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരുടെ ഉത്തരവ്.

നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ കോളജുകള്‍ക്കു പ്രവര്‍ത്തിക്കാനാവില്ലെന്ന കൗണ്‍സിലിന്റെ ഉത്തരവിനെതിരേ കര്‍ണാടക നഴ്സിംഗ് കോളജുകളുടെ അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. കോളജുകള്‍ നടത്തുന്നതിനു അതാത് സംസ്ഥാന സര്‍ക്കാരുകളും അഫിലിയേറ്റഡ് യൂണിവേഴ്സിറ്റികളുടെയും അംഗീകാരത്തിനൊപ്പം ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരം കൂടി നേടണമെന്നായിരുന്നു കൗണ്‍സിലിന്റെ വാദം.

എന്നാല്‍, നഴ്സിംഗ് കോളജുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള നിയമപരമായ അധികാരം ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന് ഇല്ലെന്ന് കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. അതു ശരിവച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതോടെ, നഴ്സിംഗ് കോഴ്സുകള്‍ നടത്താന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരം വേണമെന്ന വാദം ഇല്ലാതായി.

Top