മഴക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് നഴ്‌സിംഗ് കൗണ്‍സിലിന്റെ 5 കോടി രൂപ

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി. നഴ്‌സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് എസ് ഉഷാദേവി, സീനിയര്‍ കൗണ്‍സില്‍ അംഗം പികെ തമ്പി, എസ് സുശീല, രജിസ്ട്രാര്‍ പ്രൊഫസര്‍ വത്സ കെ പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയുടെ സാന്നിധ്യത്തിനാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്.

ആരോഗ്യ രംഗത്ത് നിസ്തുലമായ സേവനം ചെയ്യുന്ന നഴ്‌സിംഗ് കൗണ്‍സില്‍ ചെയ്തത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി എല്ലാ ജനവിഭാഗങ്ങളും സഹകരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് നഴ്‌സിംഗ് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. മഴക്കെടുതി ദുരിതത്തില്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട നഴ്‌സിംഗ് മേഖലയിലുള്ളവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രൂപ കൈമാറിയിരുന്നു. നേരത്തെ ബി.ആര്‍.ഷെട്ടി, എം.എ.യൂസഫലി,രവി പിള്ള തുടങ്ങിയ പ്രമുഖ വ്യവസായികളും നടന്‍മാരായ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയിരുന്നു.

തമിഴ് സിനിമാ മേഖലയില്‍ നിന്നും നിരവധി പേരാണ് ദുരന്തബാധിതര്‍ക്ക് സഹായവുമായി എത്തിയിരിക്കുന്നത്. തമിഴകത്തു നിന്ന് തമിഴ് സൂപ്പര്‍ താരം കമല്‍ഹാസന്‍ 25 ലക്ഷം, നടന്‍മാരും ,സഹോദരന്‍മാരുമായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് ഇരുപത്തഞ്ചു ലക്ഷം, പ്രഭാസ് ഒരു കോടി, തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ട അഞ്ച് ലക്ഷം, നടികര്‍ സംഘം അഞ്ച് ലക്ഷം എന്നിങ്ങനെയും പ്രഖ്യാപിച്ചിട്ടുണ്ട്.

Top