ഹൃദയ സരസിലെ പ്രണയപുഷ്പമേ; ശ്രീകുമാരന്‍ തമ്പി ശതാഭിഷേക നിറവില്‍

ഹൃദയ സരസിലെ പ്രണയപുഷ്പമായി, മലയാളിക്ക് ഗാന വസന്തം തീര്‍ത്ത കലാകാരന്‍ ശ്രീകുമാരന്‍ തമ്പി ശതാഭിഷിക്തനാകുന്നു. മലയാള ഭാഷയുടെ മാദക ഭംഗി തരിമ്പും ചോരാതെ, കാറ്റിലും കസ്തൂരി മണക്കുന്ന ഒരു പിടി ഗാനങ്ങള്‍. കഥ,തിരക്കഥ, സംഭാഷണം, നിര്‍മാണം , സംവിധാനം എന്നിങ്ങനെ സിനിമയുടെ സമസ്ത മേഖലയിലും കയ്യൊപ്പ് പതിപ്പിച്ച പ്രതിഭയുടെ സര്‍ഗ ജീവിതം മലയാളിക്ക് അനുഗ്രഹവും അഭിമാനവുമാണ്.

മലയാള സിനിമയില്‍ പിറന്ന എക്കാലത്തെയും മികച്ച പ്രണയഗാനമായി ‘ചെമ്പകത്തൈക’ളെ വിശേഷിപ്പിക്കുന്നവരുണ്ട്. സിനിമക്ക് വേണ്ടി തമ്പി രചിച്ച ആദ്യഗാനം ”താമരത്തോണിയില്‍ താലോലമാടി” (കാട്ടുമല്ലിക) എന്നതായിരുന്നു. പിന്നീട് എത്രയോ മനോഹര ഗാനങ്ങള്‍…. ചെമ്പകത്തൈകള്‍ പൂത്ത (കാത്തിരുന്ന നിമിഷം), താമരപ്പൂ നാണിച്ചു (ടാക്‌സി കാര്‍), ഇലഞ്ഞിപ്പൂമണമൊഴുകി വരും (അയല്‍ക്കാരി), നന്ത്യാര്‍വട്ട പൂ ചിരിച്ചു (പൂന്തേനരുവി), മല്ലികപ്പൂവിന്‍ മധുരഗന്ധം (ഹണിമൂണ്‍) , ഇലവംഗപ്പൂവുകള്‍ (ഭക്തഹനുമാന്‍), കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍, പനിനീര്‍ കാറ്റിന്‍ (വെളുത്ത കത്രീന), കാശിത്തെറ്റി പൂവിനൊരു കല്യാണാലോചന (രക്തപുഷ്പം), ചെമ്പകമല്ല നീ ഓമലേ (കതിര്‍മണ്ഡപം), ചെമ്പരത്തിക്കാട് പൂക്കും (അമൃതവാഹിനി), പനിനീര്‍ പൂവിന്റെ പട്ടുതാളില്‍ (അഞ്ജലി), ജാതിമല്ലി പൂമഴയില്‍, കണിക്കൊന്നയല്ല ഞാന്‍ കണികാണുന്നതെന്‍ (ലക്ഷ്മി), താമരമലരിന്‍ തങ്കദളത്തില്‍ (ആരാധിക), താഴമ്പൂ മുല്ലപ്പൂ താമരപ്പൂ (അജ്ഞാതവാസം), നീലാംബുജങ്ങള്‍ വിടര്‍ന്നു, കസ്തൂരി മല്ലിക പുടവ ചുറ്റി (സത്യവാന്‍ സാവിത്രി), പവിഴമല്ലി പൂവിനിപ്പോള്‍ പിണക്കം (അജയനും വിജയനും), പാതിവിടര്‍ന്നൊരു പാരിജാതം (അനാഥ ശില്‍പ്പങ്ങള്‍), രാജമല്ലികള്‍ പൂമഴ തുടങ്ങി (പഞ്ചതന്ത്രം), സൂര്യകാന്തി പൂ ചിരിച്ചു (ലൈറ്റ് ഹൗസ്), ഓമന താമര പൂത്തതാണോ (യോഗമുള്ളവള്‍)…..

ഏകദേശം മൂവായിരത്തിലധികം മലയാള ചലച്ചിത്രഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചിട്ടുണ്ട്. മുപ്പത് സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം എഴുപത്തെട്ട് സിനിമകള്‍ക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. കൂടാതെ ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിച്ചു. നാല് കവിതാസമാഹരങ്ങളുടേയും രണ്ടു നോവലുകളുടേയും രചിച്ചു. ചലച്ചിത്രങ്ങള്‍ക്കു പുറമേ, ടെലിവിഷന്‍ പരമ്പരകള്‍ക്കായും സംഗീത ആല്‍ബങ്ങള്‍ക്കായും ശ്രീകുമാരന്‍ തമ്പി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ‘കവിത എനിക്കു വേണ്ടിയും പാട്ട് മറ്റുള്ളവര്‍ക്കു വേണ്ടിയുമാണ് ഞാനെഴുതുന്നതെ’ന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. പുന്നൂര്‍ പത്മനാഭന്‍ തമ്പി എന്ന ശ്രീകുമാരന്‍ തമ്പി. പതിനൊന്നാം വയസില്‍ തുടങ്ങിയതാണ് കവിതയെഴുത്ത്. കര്‍മപഥം സിവില്‍ എന്‍ജിനീയറിങ്ങായിരുന്നുവെങ്കിലും പാട്ടായിരുന്നു അദ്ദേഹത്തിന്റെ മനസില്‍ നിറഞ്ഞു നിന്നത്. സ്‌നേഹവും പ്രണയവും കാമവും വാത്സല്യവും ഭക്തിയും യുക്തിയും വിരഹവുമെല്ലാം കാവ്യഭംഗിയില്‍ നിറഞ്ഞ അദ്ദേഹത്തിന്റെ വരികള്‍ മലയാളി ഏറെയിഷ്ടത്തോടെ ഏറ്റുപാടി. ജി ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, എം കെ അര്‍ജുനന്‍ കൂട്ടുകെട്ടില്‍ തമ്പിയുടെ ഹിറ്റുകള്‍ ഒന്നൊന്നായി പിറന്നുവീണു. പാട്ടെഴുതുമ്പോള്‍ കഥാപാത്രമായി തന്നെ മാറേണ്ടിവരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി പറയാറുണ്ട്.

Top