വയനാട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് ഒ. എം ജോര്‍ജ്ജ് പീഡിപ്പിച്ച കേസില്‍ പ്രതികളെ സഹായിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്ന് ആരോപണമുന്നയിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്ത്.
ഒ.എം ജോര്‍ജ്ജ് കീഴടങ്ങിയതോടെ അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കേസ് ഒതുക്കി തീര്‍ക്കാന്‍ പണം വാഗ്ദാനം ചെയ്ത ഐഎന്‍ടിയുസി നേതാവ് ഉമ്മറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ഉമ്മറില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പണം വാങ്ങിയിട്ടുണ്ടോയെന്ന് സംശയമുള്ളതായും പെണ്‍കുട്ടിയെ പൊലീസ് വാഹനത്തില്‍ സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തത് അവകാശലംഘനമാണെന്നും പരിഹാരമുണ്ടായില്ലെങ്കില്‍ സ്റ്റേഷനു മുമ്പില്‍ സമരം തുടങ്ങുമെന്നും പെണ്‍ക്കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
ഒ.എം ജോര്‍ജ്ജിന്റെ വീട്ടിലെ ജോലിക്കാരായിരുന്നു പെണ്‍ക്കുട്ടിയുടെ മാതാപിതാക്കള്‍. മാതാപിതാക്കളോടൊപ്പം വീട്ടില്‍ എത്തിയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.