o rajagopal-keralapiravi celebration

o rajagopal

തിരുവനന്തപുരം: കേരളത്തിലെ മതസൗഹാര്‍ദ്ദാന്തരീക്ഷത്തിന് കാരണം പരമ്പരാഗതമായി ഇവിടെ നിലനിന്നുപോരുന്ന ധര്‍മ്മത്തിലൂന്നിനിന്നുള്ള സംസ്‌കാരമാണ് എന്ന് ബി.ജെ.പി അംഗം ഒ.രാജഗോപാല്‍.

നിയമസഭയില്‍ കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ ചേര്‍ന്ന പ്രത്യേകസമ്മേളനത്തില്‍ ആശംസ അര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ ഈ നിയമസഭയില്‍ ഇരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. 1942ല്‍ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് വിദ്യാര്‍ത്ഥി എന്ന നിലയില്‍ പങ്കുവഹിച്ചത് സഫലമായി.

കേരളം ഇന്ന് ഈ നിലയില്‍ വളര്‍ന്നുവന്നതില്‍ സന്തോഷവും അഭിമാനവുമുണ്ട്. വ്യത്യസ്ത മതവിഭാഗങ്ങള്‍ സൗഹാര്‍ദ്ദത്തോടെ കഴിഞ്ഞുവരുന്ന നാടാണ് കേരളം. അവര്‍ക്കിടയില്‍ ഭീതിയും ആശങ്കയും പടര്‍ത്തുന്ന വിധത്തിലുള്ള പ്രചാരണങ്ങളുണ്ടാവുന്നുണ്ട്.

ഈ കേരളത്തിനാണ് വിദേശ മതസ്ഥരെ ആദ്യമായി കൈനീട്ടി സ്വീകരിച്ച ചരിത്രം അവകാശപ്പെടാനാവുന്നത്. അതിന്റെ ഫലമായാണ് ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളിയും മുസ്‌ളിംപള്ളിയും കേരളത്തില്‍ സ്ഥാപിതമായത്.

ഇന്നും ആ സൗഹാര്‍ദ്ദാന്തരീക്ഷത്തില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ഇവിടെ വര്‍ഗീയസംഘട്ടനങ്ങള്‍ നടക്കുന്നില്ല. എന്നാല്‍ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ നടക്കുന്നു. അതിന് കാരണം മതമല്ല. സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും നന്മയുടെയും സംസ്‌കാരം സംരക്ഷിച്ച് നിലനിറുത്താനായാല്‍ അത്തരം സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാമെന്നും രാജഗോപാല്‍ പറഞ്ഞു.

Top