തിരുവന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമഭേദഗതിക്കെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ അനുകൂലിച്ചത് വിവാദമായതോടെ വിശദീകരണ പ്രസ്താവന പുറത്തിറക്കി ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. നിയമസഭയില്‍ പ്രമേയത്തെ ശക്തമായി താന്‍ എതിര്‍ത്തുവെന്നാണ് എംഎല്‍എയുടെ വിശദീകരണം. പ്രമേയത്തെ അനുകൂലിക്കുന്നവര്‍, എതിര്‍ക്കുന്നവര്‍ എന്ന് സ്പീക്കര്‍ വേര്‍തിരിച്ചു ചോദിച്ചില്ലെന്നും ഒറ്റ ചോദ്യത്തില്‍ ചുരുക്കിയ സ്പീക്കര്‍ കീഴ് വഴക്ക ലംഘനം നടത്തിയെന്നും രാജഗോപാല്‍ ആരോപിച്ചു.
എന്നാല്‍ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ടപ്പോള്‍ അനുകൂലിക്കുന്നവര്‍ എതിര്‍ക്കുന്നവര്‍ എന്ന് സ്പീക്കര്‍ വെവ്വേറെ ചോദിക്കുന്നുണ്ടെന്നത് സഭാ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അനുകൂലിക്കുന്നവര്‍ എന്ന ചോദ്യത്തിന് ഒ.രാജഗോപാല്‍ കൈ പൊക്കി അനുകൂലിച്ചു. എതിര്‍ക്കുന്നവര്‍ എന്ന് പറയുമ്പോള്‍ രാജ്‌ഗോപാലിന്റെ കൈ താഴ്ത്തിയ നിലയിലുമായിരുന്നുവെന്നും ദൃശ്യങ്ങളില്‍ കാണാം.
കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പൊതു അഭിപ്രായത്തെ മാനിച്ച് യോജിക്കുന്നുവെന്നായിരുന്നു സഭയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം രാജഗോപാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നല്‍കിയ വിശദീകരണം. സംഭവം വിവാദമായതോടെ മറ്റ് ബിജെപി നേതാക്കള്‍ വിഷയം രാജഗോപാലിനോട് സംസാരിച്ചതായും അതിന്റെ അടിസ്ഥാനത്തിലാണ് പ്രസ്താവന പുറത്തിറക്കിയതെന്നുമാണ് വിവരം.