മെല്‍ബണിലെ പിച്ച് ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു; പിച്ച് ക്യൂറേറ്റര്‍ക്കെതിരെ ഓസീസ് ക്യാപ്റ്റന്‍

tim-paine

മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയോട് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ തോല്‍വിക്ക് പിന്നിലുള്ള കാരണങ്ങള്‍ ന്യായീകരണമായി നിരത്താന്‍ കഷ്ടപ്പെടുകയാണ് ഓസ്‌ടേലിയന്‍ ടീം. പരാജയം രുചിച്ചതിന് പിന്നാലെ പിച്ച് ക്യൂറേറ്റര്‍ക്കെതിരെ ആഞ്ഞടിച്ച് ഓസ്‌ടേലിയയുടെ ക്യാപ്റ്റന്‍ ടിം പെയ്‌നാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് അനുകൂലമായ പിച്ചാണ് മെല്‍ബണില്‍ ഒരുക്കിയതെന്നും പരാജയത്തിന്റെ പ്രധാന കാരണം അതാണെന്നുമാണ് പെയ്‌ന് പറയുന്നത്. എതിരാളികളുടെ കരുത്തിനനുസരിച്ചുള്ള പിച്ച് ഒരുക്കരുതായിരുന്നെന്ന് പെയ്ന്‍ പറഞ്ഞു. തങ്ങള്‍ ഇന്ത്യയില്‍ എത്തിയാല്‍ ഒരിക്കലും പച്ചപ്പുള്ള പിച്ച് കിട്ടില്ല. എന്നാല്‍, ഓസ്‌ട്രേലിയയില്‍ ഇന്ത്യയ്ക്ക് അനുകൂലമാകുന്ന പിച്ചാണ് ഒരുക്കിയത്. മെല്‍ബണില്‍ ടോസ് നേടിയിരുന്നെങ്കില്‍ ബൗളിങ് തെരഞ്ഞെടുക്കുമായിരുന്നു. പിച്ച് പ്രതീക്ഷിച്ച നിലവാരമല്ല പുലര്‍ത്തിയതെന്നും ഓസീസ് ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി.

തോല്‍വിക്ക് മറ്റൊരു കാര്യമായത് ബാറ്റിങ് ലൈനപ്പിന്റെ പരിചയക്കുറവാണെന്നും പെയ്ന്‍ പറഞ്ഞു. ആദ്യ ആറു ബാറ്റ്‌സ്മാന്മാരും പരിചയക്കുറവുള്ളവരാണ്. തങ്ങള്‍ നേരിട്ടതാകട്ടെ ലോകത്തെ ഏറ്റവും കരുത്തരായ പേസ് ബൗളിങ്ങിനെയുമാണ്. തോല്‍വിയില്‍നിന്നും പാഠം ഉള്‍ക്കൊള്ളുകയാണ് ഇനി പ്രധാനം. മത്സരത്തില്‍നിന്നും പോസിറ്റീവായുള്ള കാര്യങ്ങള്‍ എടുക്കണമെന്നും പെയ്ന്‍ പറഞ്ഞു.

ഇതൊക്കെയാണെങ്കിലും സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റ് വന്‍ തിരിച്ചുവരവ് നടത്തുമെന്ന് പെയ്ന്‍ പറഞ്ഞു. അതിനുള്ള പരിശ്രമത്തിലാണ് ഓസിസ് ടീമിപ്പോള്‍.

Top