Obama Arrives in Cuba, Heralding New Era After Decades of Hostility

ഹവാന: യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ചരിത്ര പ്രാധാന്യമുള്ള ക്യൂബന്‍ സന്ദര്‍ശനത്തിന് തുടക്കമായി. എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലെത്തിയ ഒബാമക്കും സംഘത്തിനും ഹവാന ജോസ് മാര്‍ട്ടി വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് ഒബാമയെ സ്വീകരിച്ചു. പ്രസിഡന്റ് റാഉള്‍ കാസ്‌ട്രോയുമായി ഉന്നതതല ചര്‍ച്ച നടത്തുന്ന ഒബാമ, വിപ്ലവ നായകനും മുന്‍ പ്രസിഡന്റുമായ ഫിദല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തില്ല.

രണ്ട് ദിവസത്തെ സന്ദര്‍ശനെത്തിയ ഒബാമയെ പത്‌നി മിഷേലും രണ്ട് മക്കളും അനുഗമിക്കുന്നുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. 88 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു യു.എസ് പ്രസിഡന്റ് ക്യൂബ സന്ദര്‍ശിക്കുന്നത്. 1928ല്‍ കാല്‍വിന്‍ കൂളിഡ്ജാണ് ക്യൂബ സന്ദര്‍ശിച്ച അവസാന യു.എസ് പ്രസിഡന്റ്.

മാസങ്ങള്‍ക്കുമുമ്പ് പ്രസിഡന്റ് റാഉള്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തിയ ഒബാമ ക്യൂബ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട ശീതയുദ്ധത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് അമേരിക്കക്യൂബ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്. അതിന് മാധ്യസ്ഥ്യം വഹിച്ചത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയായിരുന്നു. തുടര്‍ന്ന് ഹവാനയും അമേരിക്കയും എംബസികള്‍ പുനഃസ്ഥാപിച്ചു.

ക്യൂബയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ഒബാമ ട്വിറ്ററില്‍ കുറിച്ചു. ക്യൂബന്‍ ജനതയുടെ ക്ഷേമത്തിനുള്ള പദ്ധതികളും ആവിഷ്‌കരിക്കുമെന്നും ഒബാമ വ്യക്തമാക്കി. പുതിയ വാണിജ്യ ബന്ധങ്ങള്‍ക്ക് സന്ദര്‍ശനം വഴിയൊരുക്കുമെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രതീക്ഷ. ക്യൂബന്‍ സന്ദര്‍ശനത്തിനുശേഷം ഒബാമ അര്‍ജന്റീനയിലേക്ക് പോകും.

അതേസമയം, ഒബാമ ക്യൂബയിലെത്തിയതിന് പിന്നാലെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധവും ഉയര്‍ന്നു. രാഷ്ട്രീയ തടവുകാരുടെ ഭാര്യമാര്‍ രൂപം നല്‍കിയ ‘ലേഡീസ് ഇന്‍ വൈറ്റ് ഗ്രൂപ്പ്’ എന്ന കൂട്ടായ്മയാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. ഒബാമയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് മുന്‍കരുതല്‍ തടങ്കലിലാക്കിയ രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Top