റിയാദ്: ഇറാനുമായി സംഘര്‍ഷത്തിന് താല്‍പര്യമില്ലെന്നും മേഖലയിലെ ആ രാജ്യത്തിന്റെ ഇടപെടല്‍ ക്രിയാത്മകമാകണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. ജി.സി.സി യു.എസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാന്‍ വിഷയത്തിലും എണ്ണ ഉള്‍പ്പെടെ സാമ്പത്തിക കാര്യങ്ങളിലും ആശങ്ക ഉണ്ടെന്നത് വാസ്തവമാണ്. ഇറാന്റെ അന്താരാഷ്ട്ര ഇടപെടലുകള്‍ ഉത്തരവാദിത്തത്തോടെയാകണം. പരസ്പര ബന്ധവും വിശ്വാസവും വളര്‍ത്താന്‍ അയല്‍രാജ്യങ്ങള്‍ സമാധാനപൂര്‍ണവും രാജ്യാന്തര നിയമങ്ങള്‍ക്കനുസൃതവുമായ നിലപാടുകളാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ വിഷയമായാലും ഇറാഖില്‍ സുസ്ഥിര, ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിലായാലും ഭിന്നതകള്‍ മറന്ന് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് സാധിക്കും. സൈനിക പ്രതിരോധം കൂടുതല്‍ കാര്യക്ഷമമാകേണ്ടതുണ്ട്. രാജ്യാന്തര നിയമങ്ങള്‍ക്കും ധാരണകള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഇറാനെ നിയന്ത്രിക്കേണ്ടിവരും.
അതേസമയം തന്നെ അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ച് സംഘര്‍ഷം ലഘൂകരിക്കണം. എണ്ണവിലയിലെ ഇടിവ് നേരിടാന്‍ അമേരിക്കയും ഗള്‍ഫ് സഖ്യരാഷ്ട്രങ്ങളും ഉന്നതതല ധനകാര്യ ചര്‍ച്ചകള്‍ക്ക് തുടക്കമിടും. മേഖലയിലെ ജനാധിപത്യ പരിഷ്‌കാരങ്ങള്‍ സജീവമാക്കണമെന്നും അദ്ദേഹം പറഞ്ഞു.