വാഷിങ്ടണ്‍: സാന്താക്ലോസായി കളിപ്പാട്ടങ്ങള്‍ നിറഞ്ഞ ബാഗും കൈയ്യില്‍ പിടിച്ച് ക്രിസ്മസ് ആശംസകളുമായി വാഷിങ്ടണ്‍ ഡിസിയിലെ ചില്‍ഡ്രന്‍സ് നാഷണല്‍ ആശുപത്രിയിലെത്തിയ ആളെ കണ്ട് ഞെട്ടിയിരിക്കുകയാണ് അവിടത്തെ ജീവനക്കാരും രോഗികളും. കാരണം എന്തെന്നുവെച്ചാല്‍ അവരുടെയെല്ലാം പ്രിയപ്പെട്ട മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു സാന്താക്ലോസായി വന്നത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനും അവരുമായി കുറച്ച് നേരം ചിലവഴിക്കാനുമാണ് അദ്ദേഹം അവിടെ എത്തിയത്. കുട്ടികളുടെ കുടുംബാംഗങ്ങളെയും ഒബാമ സന്ദര്‍ശിച്ചു. തങ്ങളുടെ മുന്‍ പ്രസിഡന്റിനെ നേരില്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം കുട്ടികളുടെ മുഖത്തും പ്രകടമായിരുന്നു. ഉമ്മകള്‍ നല്‍കിയും ആലിംഗനം ചെയ്തുമാണ് അവര്‍ ഒബാമയോടുളള സ്‌നേഹം പ്രകടിപ്പിച്ചത്.
ഒബാമയും അദ്ദേഹത്തിന്റെ ജീവനക്കാരും ചേര്‍ന്ന് കളക്ട് ചെയ്ത സമ്മാനങ്ങളാണ് ആശുപത്രിയിലെത്തി കുട്ടികള്‍ക്ക് നല്‍കിയതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ യുഎസിന്റെ പ്രഥമ വനിതയായതു മുതല്‍ എല്ലാ വര്‍ഷവും ഈ ആശുപത്രി സന്ദര്‍ശിക്കുമായിരുന്നു. 2014 ല്‍ പ്രസിഡന്റായിരിക്കുന്ന സമയത്ത് ഒബാമയും ആശുപത്രിയില്‍ എത്തിയിരുന്നു.