മുംബയ്: സ്വകാര്യ സ്ഥലത്ത് പരസ്പര സമ്മതപ്രകാരം അശ്ലീലമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിനെ ക്രിമിനല്‍കുറ്റമായി കാണാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. ഇന്ത്യന്‍ നിയമപ്രകാരം ഇത് സാദ്ധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. യുവതികളോടൊപ്പം ഇത്തരത്തില്‍ ഒരു ഫ്‌ളാറ്റിലുണ്ടായിരുന്ന 13 പേര്‍ക്കെതിരായ കേസ് തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങള്‍ക്കെതിരായ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിയ്ക്കുകയായിരുന്നു. ഡിസംബറില്‍ അന്ധേരി പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ഇവര്‍ തെറിപ്പാട്ട് പാടിയതായും ഉച്ചത്തില്‍ പാട്ടുവച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തിയതായും ആരോപണമുണ്ട്. ഒരു മാദ്ധ്യമപ്രവര്‍ത്തകനാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.
അല്‍പ്പവസ്ത്രം ധരിച്ച് സ്ത്രീകള്‍ നൃത്തം ചെയ്തതായും ഇവര്‍ക്ക് നേരെ പുരുഷന്മാര്‍ പണമെറിഞ്ഞതായും മാദ്ധ്യമപ്രവര്‍ത്തകന്‍ ആരോപിക്കുന്നു. ഇവര്‍ മദ്യലഹരിയിലായിരുന്നു. പരാതിയെ തുടര്‍ന്ന് ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും എല്ലാവര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
ഫ്‌ളാറ്റ് പൊതുസ്ഥലമല്ലെന്ന പ്രതികളുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള എല്ലാവര്‍ക്കും പ്രവേശനം ഇല്ലാത്ത സ്ഥലമാണതെന്നും സ്വകാര്യ സ്ഥലങ്ങളിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ ഇന്ത്യന്‍ നിയമത്തില്‍ വകുപ്പില്ലെന്നും കോടതി വ്യക്തമാക്കി.