വാട്‌സാപ്പില്‍ അശ്ലീല സന്ദേശം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിതാ ബാബു പൊലീസില്‍ പരാതി നല്‍കി

ആലപ്പുഴ: വിദേശത്ത് നിന്ന് അശ്ലീല സന്ദേശം അയച്ച ആള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിതാ ബാബു പൊലീസില്‍ പരാതി നല്‍കി. പ്രവാസിയായ മലപ്പുറം സ്വദേശി ഇ പി ഷമീറിനെതിരെയാണ് അരിതയുടെ പരാതി. ഷെമീറിന്റെ വീഡിയോ സന്ദേശം അടക്കമുള്ള തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഷെമീറിനെ കണ്ടെത്തിയതെന്നും അരിത ബാബു പറഞ്ഞു.

അരിതയുടെ സുഹൃത്തുക്കള്‍ ഇയാളെ നേരിട്ട് ബന്ധപ്പെട്ടു. തുടര്‍ന്ന് അരിതക്ക് വീഡിയോയിലൂടെ ക്ഷമാപണം നടത്തികൊണ്ടുള്ള വീഡിയോ ചിത്രീകരിച്ച് അയച്ചു. എന്നാല്‍, ഒരു പെണ്‍കുട്ടിക്കെതിരെയും ഇയാള്‍ ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും അതിനാലാണ് പരാതി നല്‍കിയതെന്നും അരിതാബാബു പറഞ്ഞു.

കായംകുളം ഡിവൈഎസ്പി ഓഫീസില്‍ നേരിട്ട് എത്തിയാണ് അരിത പരാതി നല്‍കിയത്. വിദേശ നമ്പരില്‍ നിന്ന് ആദ്യം വാട്‌സാപ്പില്‍ തുടര്‍ച്ചയായി വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. പിന്നീട് ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു. വിദേശത്തുള്ള സുഹൃത്തുക്കള്‍ക്ക് നമ്പര്‍ ഷെയര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഖത്തറില്‍ ആണെന്ന് കണ്ടെത്തിയത്.

Top