അശ്ലീല വീഡിയോ കാണുന്നവർ നിരീക്ഷണത്തിൽ

mobile

കൊല്ലം : അശ്ലീല വെബ്‌സൈറ്റുകള്‍ തുടര്‍ച്ചയായി കാണുകയും ഡൗണ്‍ലോഡ് ചെയ്യുകയും വിനോദമാക്കിയവര്‍ സംസ്ഥാനത്തെ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തില്‍.

അശ്ലീല വെബ്‌സൈറ്റുകളില്‍ നിന്നും കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും കൈവശം വെക്കുകയും ചെയ്ത ചിലരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. കൂടുതല്‍ പേര്‍ കുടുങ്ങുമെന്നാണു വിവരം.

കേസില്‍ ഡി.വൈ.എഫ്.ഐ മേഖല പ്രസിഡണ്ട് അടക്കം മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഡി.വൈ.എഫ്.ഐ പാനൂര്‍ സൗത്ത് മേഖലാ പ്രസിഡണ്ട് ആലോളതില്‍ ജിഷ്ണു(24), തൈപറമ്പില്‍ ലിജിന്‍(28), കുണ്ടന്‍ചാലില്‍ രമിത്ത്(28) എന്നിവരെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചൊക്ലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് സൈബര്‍സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു ഇവര്‍.

ശനിയാഴ്ച രാവിലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അശ്ലീല വീഡിയോകള്‍ സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മൊബൈല്‍ ഫോണുകള്‍ പ്രതികളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. സംസ്ഥാന വ്യാപകമായി കുട്ടികളുടെ നഗ്‌നതാ വീഡിയോ പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു.

വ്യാജരേഖകള്‍ ഉപയോഗിച്ചു മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ വ്യാപകമായി സംഘടിപ്പിക്കുന്നതായ വിവരത്തെതുടര്‍ന്നു സിം കാര്‍ഡ് വില്പന കേന്ദ്രങ്ങളിലും റെയ്ഡ് ആരംഭിച്ചു. വ്യക്തിഗത വിവരങ്ങള്‍ വ്യാജമായി നല്‍കിയും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഫോട്ടോയുടെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ് എന്നിവ ഉപയോഗിച്ചു മതിയായ അനുമതിപത്രമില്ലാതെ സിംകാര്‍ഡുകള്‍ വിതരണം ചെയ്യുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണെന്നും നിരന്തരം ഇവ കാണുന്നവർ പൊലീസിന്റെ കർശനനിരീക്ഷണത്തിലാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പാനൂർ സർക്കിൾ ഇൻസ്പെക്ടർ സുനിൽ കുമാർ പറഞ്ഞു.

Top