ലോകം കൊവിഡ് ഭീഷണയില്‍ വിറച്ച് നില്‍ക്കുമ്പോള്‍ സമുദ്രനിരപ്പില്‍നിന്ന് 4350 മീറ്റര്‍ ഉയരത്തിലുള്ള ഇന്ത്യയിലെ ഏറ്റവും മനോഹരമായ തടാകങ്ങളില്‍ ഒന്നായ പങ്ങോങ് സുന്റെ തീരത്ത് ചൈന യുദ്ധ സന്നാഹങ്ങളൊരുക്കുകയായിരുന്നു.
തടാകക്കരയില്‍നിന്ന് 200 കി.മീറ്റര്‍ അകലെ തിബത്തന്‍ മേഖലയിലുള്ള, ലോകത്തെ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളങ്ങളിലൊന്നായ എന്‍ഗാരി ഗുന്‍സയില്‍ യുദ്ധസമാന നിര്‍മാണപ്രവര്‍ത്തനങ്ങളായിരുന്നു ചൈന നടത്തിയത്.
നിയന്ത്രണരേഖക്ക് അരികിലുള്ള ഈ വിമാനത്താവളം സൈനിക, സിവില്‍ ആവശ്യങ്ങള്‍ക്ക് ഒരുപോലെ ഉപയോഗിക്കുന്നുണ്ട്. ഇന്റലിജന്‍സ് വിദഗ്ധരായ ‘ഡിട്രെസ്ഫ’യില്‍നിന്ന് ലഭിച്ച രണ്ട് സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്നാണ് ഈ ദുരൂഹ നീക്കങ്ങള്‍ പുറംലോകമറിഞ്ഞത്.
ഇക്കഴിഞ്ഞ ഏപ്രില്‍ ആറിനും മേയ് 21നും എടുത്ത ചിത്രങ്ങളായിരുന്നു ഇത്. യുദ്ധ വിമാനങ്ങളും സൈനിക ഹെലികോപ്ടറുകളും ഇറക്കുന്നതിനായി വിമാനത്താവളത്തിന്റെ റണ്‍വേ ചൈന വികസിപ്പിച്ചുവരുകയായിരുന്നു.
ചൈനീസ് വ്യോമസേനയുടെ നാല് യുദ്ധവിമാനങ്ങള്‍ പ്രധാന റണ്‍വേയില്‍ കിടക്കുന്നതിന്റെ ചിത്രമായിരുന്നു ഡിട്രെസ്ഫ പുറത്തുവിട്ടത്. കോവിഡ്കാലമായിരുന്നിട്ടും ഇക്കഴിഞ്ഞ മേയ് അഞ്ചിന് പങ്ങോങ് സു തടാകത്തിനുസമീപം ഇന്ത്യ- ചൈനീസ് സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
മേഖലയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ പതിവ് പട്രോളിങ് ചൈനീസ് സൈനികര്‍ തടസ്സപ്പെടുത്തിയതായിരുന്നു സംഘര്‍ഷത്തിനു കാരണം. ഗല്‍വാന്‍, ഹോട്ട്‌സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍ അതിര്‍ത്തിലംഘിച്ച് മൂന്നു കിലോ മീറ്ററോളം ഉള്ളിലേക്ക് ചൈന കടന്നുകയറി.
നാലുദിവസം കഴിഞ്ഞപ്പോള്‍ തിബത്തിന് സമീപത്തെ നാകുല മേഖലയില്‍ ഇരുസൈനികരും തമ്മില്‍ കല്ലേറുണ്ടായി. ചൈനയാണ് കല്ലേറിന് തുടക്കമിട്ടത്. സംഘര്‍ഷത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഹെലികോപ്ടര്‍ ഉപയോഗിക്കേണ്ടിവന്നു.
അതിനിടയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ആരംഭിക്കുകയും ചെയ്തതാണ്. അപ്പോഴും ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയോടുചേര്‍ന്ന് ആയിരക്കണക്കിന് സൈനികരെ ചൈന വിന്യസിച്ചിരുന്നു.
പങ്ങോങ് സു തടാകം, ഗല്‍വാന്‍ താഴ്വര, ഡെംചോക് എന്നിവിടങ്ങളില്‍ ഇരുസേനകളും മുഖാമുഖം നില്‍ക്കുകയായിരുന്നു. ചര്‍ച്ച പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ചൈന ഇന്ത്യയ്‌ക്കെ നേരെ ആയുധങ്ങളെടുത്തത്. ഈ അപ്രതീക്ഷിത ആക്രമണത്തില്‍ 20തോളം ഇന്ത്യന്‍ സൈനികര്‍ക്കാര്‍ വീരമൃത്യുവരിച്ചത്.
ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും 45 വര്‍ഷത്തിനുശേഷം ഇതാദ്യമാണ് ഗല്‍വാന്‍ താഴ്‌വരയില്‍ രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.