ഓച്ചിറയില്‍ നിന്ന് കാണാതായ പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന് രേഖകൾ

കൊല്ലം: ഓച്ചിറയില്‍ നിന്ന് കാണാതായ നാടോടി പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് രേഖ. സ്കൂള്‍ വിദ്യാഭ്യാസരേഖ പൊലീസിന് ലഭിച്ചു. പെണ്‍കുട്ടി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്കൂളിലെ രേഖകളുടെ അടിസ്ഥാനത്തില്‍ 18 വയസില്‍ താഴെയാണ് പ്രായം.
രേഖയുടെ ആധികാരികത പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഈ സാഹചര്യത്തില്‍ പ്രതികൾക്കെതിരെ പോക്സോ വകുപ്പ് നിലനിൽക്കും. പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ രക്ഷിതാക്കളോട് പൊലീസ് അവശ്യപ്പെട്ടിരുന്നു. നവിമുംബൈയിലെ നിന്നു പിടികൂടിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയെയും നാളെ കൊല്ലം ഓച്ചിറയിലെത്തിക്കും.

തട്ടിക്കൊണ്ടുപോയതായി പരാതിപ്പെട്ടതിന്‍റെ പത്താം ദിവസമാണ് പെൺകുട്ടിയെയും പ്രതി റോഷനെയും മഹാരാഷ്ട്രയിൽ നിന്ന് കണ്ടെത്തിയത്. തന്നെ റോഷൻ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നുമാണ് പെൺകുട്ടി പറഞ്ഞത്. പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും രണ്ട് വർഷമായി പ്രണയത്തിലാണെന്നുമാണ് മുഖ്യപ്രതി മുഹമ്മദ് റോഷനും അവകാശപ്പെടുന്നത്.

അതേ സമയം പെണ്‍കുട്ടിയുടെ പ്രായത്തെപ്പറ്റി തെറ്റായ വിവരമാണ് രക്ഷിതാക്കള്‍ പൊലീസിന് നല്‍കിയതെന്ന് മുഹമ്മദ് റോഷന്റെ കുടുംബം ആരോപിച്ചു. മാര്‍ച്ച് 18നാണ് പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി എന്ന പരാതി ലഭിക്കുന്നത്.

Top