ഓഖി:തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ 22ന് സംസ്‌കരിക്കും

deadbody

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനു ശേഷം കടലില്‍നിന്നു കണ്ടെടുത്തവയില്‍ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ 22-നു സംസ്‌കരിക്കും. 16 മൃതദേഹങ്ങളാണ് ഉറ്റവരെത്താതെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ മോര്‍ച്ചറികളിലുള്ളത്. കണ്ടെടുത്ത് 30 ദിവസത്തില്‍ കൂടുതലായവയും ഇതിലുണ്ട്. പലതും കടലില്‍നിന്നു കണ്ടെടുക്കുമ്പോള്‍ത്തന്നെ അഴുകിയ നിലയിലായിരുന്നു.

എറണാകുളത്ത് അഞ്ചും മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ മൂന്നു വീതവും തൃശൂരിലും മലപ്പുറത്തും ഒന്നു വീതവും മൃതദേഹങ്ങളാണ് തിരിച്ചറിയാതെയുള്ളത്. ഓഖി ദുരന്തത്തില്‍ ബന്ധുക്കളെ കടലില്‍ കാണാതായെന്നു പരാതി നല്‍കിയവരുടെ ഡി.എന്‍.എ. പരിശോധന രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയില്‍ നടക്കുന്നുണ്ട്. ഇത് 22 വരെ തുടരാനാണു തീരുമാനം.

ഏതെങ്കിലും തരത്തില്‍ മൃതദേഹം തിരിച്ചറിയാന്‍ കഴിയുമോ എന്നറിയാനായി കാണാതായവരുടെ ബന്ധുക്കളുമായി എല്ലാ തീരദേശത്തും ഉദ്യോഗസ്ഥര്‍ ആശയവിനിമയം നടത്തുന്നുണ്ട്. തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ പറയാനുള്ള അവസരം കൂടിയാണ് ഇത്. ദുരന്തം കഴിഞ്ഞ് 42 ദിവസം പിന്നിട്ട നിലയ്ക്ക്, കടലില്‍ കാണാതായവര്‍ ജീവിച്ചിരിക്കാന്‍ ഇടയില്ലെന്ന് അധികൃതര്‍ വിലയിരുത്തുന്നു.

Top