തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ സഹായവാഗ്ദാനങ്ങളും മാര്‍ച്ചിനകം പൂര്‍ത്തിയാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.
ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള 22 ലക്ഷം രൂപയുടെ ധനസഹായ വിതരണം പൂന്തുറ പാര്‍ക്ക് ജങ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നെയ്യാറ്റിന്‍കര, തിരുവനന്തപുരം താലൂക്കുകളിലെ 12 വീതം കുടുംബങ്ങള്‍ക്കാണ് ധനസഹായം വിതരണം ചെയ്തത്. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ പേരില്‍ നിക്ഷേപിച്ച 22 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ട് രേഖകളാണ് ആശ്രിതരായ 97 പേര്‍ക്ക് കൈമാറിയത്.
കഴിഞ്ഞ ജനുവരി ഒന്നിന് 25 മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ ആശ്രിതരായ 102 പേര്‍ക്കും ധനസഹായം വിതരണം ചെയ്തിരുന്നു. ഇതോടെ ജില്ലയില്‍ ഓഖി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട, തിരിച്ചറിഞ്ഞ എല്ലാ മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള ധനസഹായം വിതരണം പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു.
ഇനിയും കണ്ടെത്താനുള്ള 103 മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ നിയമതടസ്സങ്ങളൊന്നും കണക്കിലെടുക്കില്ലെന്നും മാര്‍ച്ച് പകുതിയോടെ 22 ലക്ഷം രൂപയുടെ ധനസഹായം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
വള്ളവും വലയും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ഈ മാസം അഞ്ചിന് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന യോഗത്തില്‍ അവ വാങ്ങുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കാം. അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കും. ഭാഗികമായി ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് ലഭ്യമാക്കുന്നതിനുള്ള നടപടികളും അടിയന്തരമായി സ്വീകരിക്കും.
ദുരന്തത്തില്‍പ്പെട്ടവരുടെ വിധവകള്‍ക്കും മക്കള്‍ക്കും തൊഴില്‍ നല്‍കുന്നതിനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. പത്താംതരം പാസായ 45 വയസിനു താഴെയുള്ള വിധവകള്‍ക്ക് നെറ്റ് ഫാക്ടറിയില്‍ ഈ മാസം തന്നെ ജോലി നല്‍കും. മറ്റുള്ളവര്‍ക്ക് മത്സ്യമേഖലയുമായി ബന്ധപ്പെട്ട് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് വിഴിഞ്ഞത്ത് സൗകര്യമൊരുക്കും. ഉന്നതവിദ്യാഭ്യാസമുള്ള കുട്ടികള്‍ക്ക് പൊലീസില്‍ തൊഴില്‍ നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പിഎസ്സി മുഖേന 200 പേര്‍ക്കാണ് ഇത്തരത്തില്‍ നിയനം നല്‍കുക.